തിരുവനന്തപുരം: കന്യാസ്ത്രീകളുടെ സമരത്തില്‍ മുന്‍ നിലപാട് മയപ്പെടുത്തി സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കന്യാസ്ത്രീകളുടെ ഇച്ഛാശക്തിയാണ് സമരത്തില്‍ കണ്ടതെന്ന് കോടിയേരി അഭിപ്രായപ്പെട്ടു. എല്‍.ഡി.എഫ് ഭരണമായതിനാല്‍ സ്ത്രീപീഡകര്‍ ഇരുമ്ബഴിക്കുള്ളിലാകുന്നതില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് സര്‍ക്കാര്‍ നയത്തിന്റെ ധീരമായ വിളംബരമാണ്. ഇരയ്ക്ക് നീതികിട്ടുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു വിട്ടുവീഴ്‌ച്ചയും ഉണ്ടായിട്ടില്ല. കന്യാസ്ത്രീകളുടെ സമരം സമൂഹത്തില്‍ പ്രതികരണം സൃഷ്ടിച്ചെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ഇരകളെ സംരക്ഷിക്കാനും, വേട്ടക്കാരെ പിടികൂടാനും എല്ലാ പ്രശ്‌നത്തിലും ഇടപെട്ടുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ ഈ പ്രശ്‌നത്തിലും പ്രതിബദ്ധത തെളിയിക്കുകയാണ് ചെയ്തത്. ഇതിന് മുമ്ബ് പല കേസുകളിലും എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയമലംഘകരെ പിടികൂടിയത് ഏതെങ്കിലും പ്രക്ഷോഭസമരങ്ങള്‍ക്ക് വിധേയമായിക്കൊണ്ടായിരുന്നില്ല.
കന്യാസ്ത്രീകളുടെ സമരം സഭയ്ക്കുള്ളില്‍ സംഭവിച്ചിരിക്കുന്ന മാറ്റത്തിന്റെ സൂചനയാണ്. അര്‍ഥം മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ സഭ ആര്‍ജവം കാണിക്കണമെന്നും കോടിയേരി അഭിപ്രായപ്പെട്ടു. സമരത്തില്‍ ഏര്‍പ്പെട്ട കന്യാസ്ത്രീകള്‍ നിയമലംഘനം നടത്തിയവരെ നിയമത്തിന് മുന്നില്‍ എത്തിക്കുകയെന്ന ഉദ്ദേശത്തോടു കൂടിയായിരുന്നു രംഗത്ത് വന്നത്.
എന്നാല്‍ ആ സമരത്തെ ഹൈജാക്ക് ചെയ്ത് സര്‍ക്കാര്‍ വിരുദ്ധവും സിപിഐ.എം വിരുദ്ധവുമാക്കാന്‍ നടത്തിയ രാഷ്ട്രീയ വര്‍ഗ്ഗീയ കരുനീക്കങ്ങളെയാണ് തങ്ങള്‍ തുറന്നു കാണിച്ചത്. സമരകേന്ദ്രത്തില്‍ വച്ച് പലരും നടത്തിയ പ്രതികരണങ്ങളില്‍ ഇക്കാര്യം വ്യക്തമായിരുന്നെന്നും കോടിയേരി പറഞ്ഞു.സമരകോലാഹലങ്ങള്‍ക്ക് പിന്നിലുള്ളത് ദുരുദ്ദേശമാണെന്ന് കോടിയേരി ബാലകൃഷ്ണന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന വിവാദമായിരുന്നു