ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 'കോലീബി' (കോണ്‍ഗ്രസ് ലീഗ് ബിജെപി) സഖ്യമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ആരോപണം തള്ളിക്കൊണ്ട് കോണ്‍ഗ്രസും ബിജെപിയും രംഗത്ത്. പരാജയഭീതിമൂലമാണ് കോടിയേരിയുടെ ആരോപണമെന്നായിരുന്നു ഇതു സംബന്ധിച്ച് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. കേരളത്തില്‍ സിപിഎമ്മും ബിജെപിയും തമ്മിലാണ് കൂട്ടുകെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി.
അതിനിടെ, അവസരത്തിനൊത്ത് ബിജെപിയെ കൂട്ടുപിടിച്ച ചരിത്രമാണ് കമ്യൂണിസ്റ്റുകള്‍ക്കുള്ളതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. അടിയന്തരാവസ്ഥയുടെ പേരുപറഞ്ഞ് സിപിഎം 1977 ല്‍ സംഘപരിവാറിനൊപ്പം ചേര്‍ന്നു. 89ല്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് വി. പി. സിങ്ങിനെ പ്രധാനമന്ത്രിയാക്കി. കോലീബീ സഖ്യമെന്ന കോടിയേരിയുടെ പ്രസ്‌താവന പരാജയഭീതിയില്‍ നിന്നാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. എന്നാല്‍ കോലീബി സഖ്യത്തെ ഇത്തവണയും തോല്‍പ്പിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.
അതേസമയം, തിരഞ്ഞെടുപ്പ് അടുത്തതോടെ കേരള രാഷ്ട്രീയത്തില്‍ വീണ്ടും കോലീബി വിവാദം ചൂടുപിടിക്കുകയാണ്. തിരുവനന്തപുരത്ത് കുമ്മനത്തിന് വോട്ടു നല്‍കി അഞ്ച് മണ്ഡലങ്ങളില്‍ ബിജെപി വോട്ടുനേടാന്‍ കോണ്‍ഗ്രസ് ധാരണയിലെത്തിയെന്ന കോടിയേരി ബാലകൃഷ്‌ണന്റെ ആരോപണത്തോട് രൂക്ഷമായാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. വടകരയില്‍ തന്റെ സ്ഥാനാര്‍ഥിത്വം ഉറപ്പായതിനു പിന്നാലെ സിപിഎം ഉയര്‍ത്തിയ ആരോപണത്തെ കെ.മുരളീധരന്‍ തള്ളി.