കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിെന്റ കസ്റ്റഡി മരണം പാര്‍ട്ടിക്കേല്‍പിച്ച മുറിവുണക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തന്നെ ഒടുവില്‍ രംഗത്തിറങ്ങി. സംഭവത്തില്‍ പാര്‍ട്ടി ജില്ല സെക്രട്ടറിക്കെതിരെ ആരോപണം ഉയരുകയും, ജില്ലയിലെത്തിയിട്ടും മുഖ്യമന്ത്രി ശ്രീജിത്തിെന്റ വീട് സന്ദര്‍ശിക്കാതിരുന്നതിനെതിരെ വിമര്‍ശനം ശക്തമാകുകയും ചെയ്തതിന് പിന്നാലെയാണ് തിങ്കളാഴ്ച വൈകീട്ട് കോടിയേരി ശ്രീജിത്തിെന്റ കുടുംബാംഗങ്ങളെ കാണാന്‍ വീട്ടിലെത്തിയത്.
സംഭവത്തില്‍ പാര്‍ട്ടി നിലപാട് വിശദീകരിക്കാന്‍ സംഘടിപ്പിച്ച സമ്മേളനത്തിന് മുമ്ബ് വൈകുന്നേരം 5.30 ഒാടെയാണ് കോടിയേരി വീട്ടിലെത്തിയത്. വിശദീകരണ സമ്മേളനത്തിനെത്തുന്ന കോടിയേരി ശ്രീജിത്തിെന്റ വീട് സന്ദര്‍ശിക്കുമോ എന്ന കാര്യത്തില്‍ അവസാന നിമിഷം വരെയും ആശയക്കുഴപ്പം നിലനിന്നിരുന്നു.
രണ്ടു ദിവസം ജില്ലയിലുണ്ടായിരുന്നിട്ടും മുഖ്യമന്ത്രി ശ്രീജിത്തിെന്റ വീട്ടില്‍ പോകാതിരുന്നതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് ബോധപൂര്‍വമായിരുന്നില്ലെന്ന് പറഞ്ഞ് പ്രതിഷേധം തണുപ്പിക്കാനും കോടിയേരി ശ്രമിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ജില്ലയില്‍ എത്തിയ മുഖ്യമന്ത്രി ശനിയാഴ്ച മുഴുവന്‍ എറണാകുളം, പറവൂര്‍, ആലുവ മേഖലയില്‍ ഉണ്ടായിട്ടും ശ്രീജിത്തിെന്റ വീട് സന്ദര്‍ശിക്കാന്‍ തയാറായിരുന്നില്ല. നോര്‍ത്ത് പറവൂരില്‍ എസ്.എന്‍.ഡി.പിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി വരാപ്പുഴ വഴി ഒഴിവാക്കി 30 കിലോമീറ്ററോളം അധികം സഞ്ചരിച്ചാണ് എത്തിയത്. ഇതോടെ സംഭവത്തില്‍ തീര്‍ത്തും പ്രതിരോധത്തിലായ സി.പി.എമ്മിെന്റ മുഖം രക്ഷിക്കാനുള്ള ശ്രമത്തിനാണ് സംസ്ഥാന സെക്രട്ടറി തുടക്കമിട്ടത്.
സംഭവ ശേഷം ഇതുവരെ സി.പി.എമ്മിെന്റ ഒരു പ്രാദേശിക നേതാവു പോലും വീട് സന്ദര്‍ശിക്കാനോ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനോ തയാറായിരുന്നില്ല. എന്നു മാത്രമല്ല സംഭവത്തിനുശേഷം പരസ്പര വിരുദ്ധമായ പ്രതികരണങ്ങളാണ് പാര്‍ട്ടി നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായതും. സ്ഥലത്ത് സി.പി.എമ്മില്‍ നിലനില്‍ക്കുന്ന വിഭാഗീയതയാണ് ഇൗ വിഷയത്തിലും പ്രതിഫലിച്ചതെന്നാണ് പറയുന്നത്. ഇൗ സാഹചര്യത്തില്‍ പാര്‍ട്ടി അണികളിലുണ്ടായ ആശയക്കുഴപ്പം നീക്കി പ്രവര്‍ത്തകരെ ഒപ്പം നിര്‍ത്താനുള്ള നടപടികള്‍ക്ക് നേതൃത്വം നിര്‍ബന്ധിതമാകുകയായിരുന്നു. ശ്രീജിത്തിെന്റ വീട് സന്ദര്‍ശിച്ച കോടിയേരി ആത്മഹത്യ ചെയ്ത സി.പി.എം അനുഭാവി വാസുദേവെന്റ വീടും സന്ദര്‍ശിച്ചാണ് മടങ്ങിയത്.