ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിളിപ്പേര് നയന്‍താര സ്വന്തമാക്കിയിട്ട് അല്പകാലമായി. ഒരോ ചിത്രങ്ങളിലും ആ സ്ഥാനപ്പേരിനെ സാദൂകരിക്കുന്ന പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ കൊലമാവ് കോകില തമിഴകത്ത് പുത്തന്‍ റെക്കോര്‍ഡിട്ട് മുന്നേറുകയാണ്. ഒരു നായിക ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനാണ് തമിഴ്‌നാട്ടില്‍ നിന്നും കൊലമാവ് കോകില വെറും ഒമ്ബത് ദിവസം കൊണ്ട് സ്വന്തമാക്കിയിരിക്കുന്നത്.
റിലീസ് ദിവസം 3.47 കോടി രൂപയാണ് ചിത്രം നേടിയത്. രണ്ടാം ദിവസവും മൂന്നാം ദിവസവും കളക്ഷനില്‍ മുന്നേറ്റമുണ്ടാക്കാനും താരത്തിന് സാധിച്ചു. ആദ്യ വാരാന്ത്യം കൊലമാവ് കോകില തമിഴ്‌നാട്ടില്‍ നിന്ന് മാത്രം സ്വന്തമാക്കിയത് 11.9 കോടിയാണ്. സൂപ്പര്‍താര പദവി വെറും അലങ്കാരമല്ലെന്ന് അഭിനയത്തിലും ബോക്‌സ് ഓഫീസ് പ്രകടനത്തിലും താരം തെളിയിക്കുകയായിരുന്നു. തിയറ്ററില്‍ ഒമ്ബത് ദിവസം പിന്നിട്ടപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 20 കോടി രൂപയ്ക്ക് മുകളിലാണ് കൊലമാവ് കോകില നേടിയത്.
മായ, ഡോറ, അറം എന്നീ നയന്‍താര ചിത്രങ്ങള്‍ക്ക് പിന്നാലെ പൂര്‍ണമായും നയന്‍താര ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമായി തിയറ്ററിലേക്ക് എത്തിയ കൊലമാവ് കോകില പ്രേക്ഷകരേയും നിരൂപകരേയും ഒരുപോലെ കൈയിലെടുത്തിരിക്കുകയാണ്. ഹാസ്യതാരം യോഗി ബാബുവാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. അനിരുദ്ധ് ചിട്ടപ്പെടുത്തി വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്ത കൊകോ പ്രമോ സോംഗ് യൂടൂബില്‍ തരംഗം സൃഷ്ടിച്ചിരുന്നു.
ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നെല്‍സണ്‍ ദിലിപ്കുമാറാണ്. ഹാസ്യതാരം യോഗി ബാബുവാണ് ചിത്രത്തിലെ മറ്റൊരു താരം. കോലം വരയ്ക്കുന്ന കോകില എന്ന ഒരു സാധാരണ പെണ്‍കുട്ടിയായാണ് നയന്‍താര ചിത്രത്തില്‍ വേഷമിടുന്നത്.
ഒരു കള്ളക്കടത്ത് മോതിരം കോകിലയുടെ കൈയില്‍ കിട്ടുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളും അതിനെ കോകില ബുദ്ധിപരമായി അതിജീവിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. സ്റ്റാര്‍ വിജയ് ചാനലിലെ ക്രിയേറ്റീവ് ഡയറക്ടറായിരുന്ന നെല്‍സണ്‍ ദിലിപ്കുമാറിന്റെ പ്രഥമ സംവിധാന സംരംഭമാണ് കൊലമാവ് കോകില.