താമരശേരി കൂടത്തായിയില്‍ ആറു പേരുടെ ദുരൂഹ മരണക്കേസില്‍ താന്‍ നിരപരാധിയാണെന്ന് അറസ്റ്റിലായ ജോളിയുടെ ഭര്‍ത്താവ് ഷാജു. ജോളി തന്നെ ചതിക്കുകയായിരുന്നു. കൊല ചെയ്യാന്‍ ജോളിയെ സഹായിച്ചെന്ന് മൊഴി കൊടുത്തിട്ടില്ല. ജോളിക്കു മറ്റാരുടെയെങ്കിലും പിന്തുണ ലഭിച്ചിട്ടുണ്ടാകാം. ജോളി കുറ്റം ചെയ്‌തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. തനിക്കെതിരെ മൊഴിയുണ്ടെന്ന പ്രചാരണം തന്നെ കുരുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. തനിക്കെതിരെയുള്ള നീക്കത്തിന്റെ ഭാഗമാണിത്. റോയിയുടെ ബന്ധുക്കളുടെ പ്രസ്‌താവനകളും സംശയം ബലപ്പെടുത്തുന്നതാണെന്നും ഷാജു മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
കൂടത്തായി കൊലപാതകങ്ങളില്‍ ഒടുവില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു കുറ്റം സമ്മതിച്ചിരുന്നു. ആദ്യ ഭാര്യ സിലിയേയും കുട്ടിയേയും കൊലപ്പെടുത്താനുള്ള സാഹചര്യം താന്‍ ഒരുക്കിക്കൊടുത്തുവെന്നാണ് ഷാജുവിന്റെ കുറ്റസമ്മതം. കൊലപാതകങ്ങളെപ്പറ്റി തനിക്ക് യാതൊരു അറിവുമില്ലെന്ന് കഴിഞ്ഞ ദിവസങ്ങളിലെല്ലാം പറഞ്ഞ ഷാജു ഒടുവില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ പൊട്ടിക്കരയുകയായിരുന്നു. ജോളിയെ വിവാഹം കഴിക്കുന്നതിന് മുമ്പുതന്നെ ഷാജുവിന് കൊലപാതകങ്ങളില്‍ പങ്കുണ്ടായിരുന്നുവെന്നാണ് ഇതോടെ വ്യക്തമായിട്ടുള്ളത്.
കൊലപാതക വിവരം ആരോടും പറയരുതെന്ന ജോളിയുടെ ഭീഷണി ഉണ്ടായിരുന്നുവെന്നാണ് ഷാജു അന്വേഷണ സംഘത്തോട് പറഞ്ഞത്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഷാജു പറഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരം. കൊലപാതകങ്ങളെപ്പറ്റി ഒന്നും അറിയില്ലെന്നാണ് കഴിഞ്ഞ ദിവസംവരെ ഷാജു പോലീസിനോട് പറഞ്ഞിരുന്നത്.
ഭാര്യ സിലിക്ക് ജോളിക്കൊപ്പം ചേര്‍ന്നു താന്‍ അന്ത്യചുംബനം നല്‍കിയ ഫോട്ടോയില്‍ തെറ്റായൊന്നുമില്ലെന്നും അതിനെ വ്യാഖ്യാനിക്കേണ്ട ആവശ്യമില്ലെന്നും ഷാജു പറഞ്ഞു.