പുനലൂര്‍: കോട്ടയത്ത് നവവരന്‍ കെവിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കെവിന്റെ സുഹൃത്ത് അനീഷിനെ അക്രമിസംഘം വിട്ടയച്ചത് കെവിന്‍ അപായപ്പെട്ടെന്ന് ബോദ്ധ്യമായ ശേഷം. ഷാനുവിന്റെ ഭീഷണിക്ക് വഴങ്ങി കേസില്ലെന്ന് അനീഷ് എഎസ്‌ഐ ബിജുവിനെ വിളിച്ചറിയിക്കുന്ന ഫോണ്‍ സംഭാഷണവും പുറത്തു വന്നു. ഷാനുവിന്റെ ഫോണില്‍ നിന്നായിരുന്നു അനീഷ് എഎസ്‌ഐ യെ വിളിച്ചതെന്നും സൂചനയുണ്ട്.
രക്ഷപ്പെട്ട് അനീഷ് മൊഴി നല്‍കിയിട്ടും പോലീസ് നടപടിയെടുത്തില്ല. ഒന്നിലേറെ തവണ ഷാനുവിനെ പോലീസ് വിളിച്ചിരുന്നതായി അനീഷ് മാധ്യമങ്ങളോടും പറഞ്ഞു. തട്ടിക്കൊണ്ടു പോകുമ്ബോള്‍ ഫോണ്‍ വന്നപ്പോള്‍ സ്‌റ്റേഷന്‍ ചാര്‍ജ്ജുള്ള എസ്‌ഐ ആണെന്നാണ് ഷാനു തന്നോട് പറഞ്ഞതെന്നും എന്തു സംഭവിച്ചാലും ഇടപെടില്ലെന്നും ഷാനു പറഞ്ഞതും വിളിച്ചു. എസ്‌ഐ യ്ക്ക് തങ്ങള്‍ 10,000 രൂപ നല്‍കിയിട്ടുണ്ടെന്ന് ഷാനു പറഞ്ഞതായും അനീഷ് ആരോപിക്കുന്നുണ്ട്. മാന്നാനത്ത് വീട് ആക്രമിക്കപ്പെടുമ്ബോള്‍ 100 മീറ്റര്‍ അകലെ ഒരു എസ്‌ഐ ഉണ്ടായിരുന്നതായി അനീഷ് പറയുന്നു. സംഭവത്തില്‍ എഎസ്‌ഐ ബിജുവിനെയും സസ്‌പെന്റ് ചെയ്തിരിക്കുകയാണ്.
അതേസമയം കെവിന്‍ ചാടിപ്പോയെന്ന ഷാനുവിന്റെ വാദം അന്വേഷണം വഴി തിരിച്ചു വിടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് പോലീസ് കരുതുന്നത്. പേരൂര്‍കടയിലെ ഭാര്യവീട്ടില്‍ എത്തിയ ഷാനു അവിടെയും പറഞ്ഞത് കെവിന്‍ ചാടിപ്പോയി എന്നതാണ്. ഇത് കെവിന്‍ മുങ്ങിമരിച്ചതാണെന്ന് വരുത്തി തീര്‍ക്കാന്‍ ഷാനുവും പിതാവും നടത്തുന്ന ശ്രമമായിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്.
വാഹനത്തില്‍ കെവിനെ മര്‍ദ്ദിച്ചതായി ഷാനു പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. അനീഷിനെ കോട്ടയത്ത് ഇറക്കിവിട്ടെന്നും പറഞ്ഞു. തലേദിവസം രാത്രി കോട്ടയത്ത് എത്തി ഹോട്ടലില്‍ മുറിയെടുത്തു. പുലര്‍ച്ചെ രണ്ടുപേരെയും തട്ടിക്കൊണ്ടു പോയി. മര്‍ദ്ദിച്ച് സമ്മര്‍ദ്ദപ്പെടുത്തി പ്രണയബന്ധത്തില്‍ നിന്നും മാറ്റുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കെവിന്‍ സമ്മതിച്ചില്ല. ഇതിനിടയിലാണ് കെവിന്‍ രക്ഷപ്പെട്ടതും മരണമടയുന്ന സാഹചര്യത്തിലേക്ക് നയിച്ചതെന്നുമാണ് ഷാനു ഇന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിരിക്കുന്നത്.