കോട്ടയം:ചങ്ങനാശ്ശേരിയില്‍ ദമ്ബതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നില്‍ പൊലീസിന്റെ മാനസിക സമ്മര്‍ദ്ദമെന്ന് സൂചന. ചങ്ങനാശ്ശേരി നഗരസഭാ കൗണ്‍സിലറായ സിപിഎം അംഗം സജികുമാറിന്റെ ആഭരണ നിര്‍മ്മാണ ശാലയിലെ സ്വര്‍ണം കാണാതായ സംഭവത്തില്‍ കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ദമ്ബതികളായ ചങ്ങനാശേരി പുഴവാത് ഇടവളഞ്ഞിയില്‍ സുനില്‍ കുമാര്‍, ഭാര്യ രേഷ്മ എന്നിവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു.
കാണാതായ സ്വര്‍ണം നാളെ വൈകിട്ട് നാലുമണിയോടെ പൊലീസ് സ്റ്റേഷനില്‍ എത്തിക്കണം എന്ന് പറഞ്ഞ് ഇവരെ പറഞ്ഞയക്കുകയായിരുന്നു. എന്നാല്‍ കുറച്ചവധി കൂടി ചോദിച്ചെങ്കിലും പൊലീസ് സമ്മതിച്ചില്ല. വീട്ടിലെത്തിയ ശേഷം സ്വര്‍ണം തിരികെ നല്‍കാന്‍ കഴിയില്ലാ എന്നു മനസ്സിലായതോടെ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് വിവരം.
മൂന്നാം തീയതിയാണ് സജികുമാര്‍ നിര്‍മ്മാണശാലയില്‍ നിന്നും 400 ഗ്രാം സ്വര്‍ണം കാണാനില്ല എന്നു കാട്ടി ചങ്ങനാശ്ശേരി പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്‍ സ്വര്‍ണപ്പണിക്കാരനായിരുന്ന സുനില്‍ സിപിഎം കൗണ്‍സിലര്‍ സജി കുമാറിന്റെ ആഭരണ നിര്‍മ്മാണ ശാലയിലായിരുന്ന ജോലി ചെയ്തിരുന്നത്, ഇവിടെനിന്നു സ്വര്‍ണം മോഷണം പോയി എന്ന പരാതിയില്‍ തിങ്കളാഴ്ചയാണ് സുനിലിനെ പൊലീസ് വിളിപ്പിച്ചത്, ഭാര്യ രേഷ്മയ്‌ക്കൊപ്പമാണ് സുനില്‍ സ്റ്റേഷനില്‍ എത്തിയത്.
തിങ്കളാഴ്ച 12 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം രാത്രി ഒന്‍പതോടെയാണു വിട്ടയച്ചത്. 50 പവന്‍ സ്വര്‍ണമുണ്ടായിരുന്നതായാണു പറയുന്നത്. സ്വര്‍ണം നല്‍കിയില്ലെങ്കില്‍ എട്ടു ലക്ഷം രൂപ നല്‍കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. പൊലീസ് സ്റ്റേഷന്‍ വിട്ടതോടെ കടുത്ത മനോവിഷമത്തിലായിരുന്നു സുനില്‍. ഇന്ന് ഉച്ചയോടെ അനുജനെ ഫോണില്‍ വിളിച്ച് ആത്മഹത്യചെയ്യാന്‍ പോവുകയാണ് എന്ന് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് അനുജന്‍ ഇവരുടെ വീട്ടിലെത്തിയെങ്കിലും ഇരുവരും കടുംകൈ ചെയ്തിരുന്നു.
അതേ സമയം ബന്ധുക്കള്‍ പൊലീസ് മര്‍ദ്ദനമാണ് ആത്മഹത്യക്ക് കാരണം എന്നാരോപിച്ച് രംഗത്ത് വന്നു. പൊലീസ് കാണാതായ ഓരോ ആഭരണത്തിന്റെയും എണ്ണം പറഞ്ഞു മര്‍ദ്ദിച്ചുവെന്ന് ബന്ധുക്കള്‍ പറയുന്നു.
12 വര്‍ഷമായി സജിയുടെ ആഭരണശാലയില്‍ ജോലി ചെയ്തു വരികയായിരുന്നു സുനില്‍. പണിക്കിടയില്‍ സ്വര്‍ണം നഷ്ട്ടപ്പെടുന്നത് പതിവാണ്. പലപ്പോഴായിട്ടാകണം ഇത്തരം സ്വര്‍ണം നഷ്ട്ടപ്പെട്ടതെന്നും കരുതുന്നുണ്ട്. എന്നാല്‍ ഇത്രയും വലിയൊരു അളവില്‍ സ്വര്‍ണം നഷ്ട്ടപ്പെട്ടതാണ് സംശയ്ത്ിനടയാക്കിയത്.
ചങനാശ്ശേരിയില്‍ നാളെ ഹര്‍ത്താല്‍
സംഭവത്തില്‍ പ്രതിഷേധിച്ച് ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലേക്കും മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ചങ്ങനാശേരി ആശുപത്രിയിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ഇവിടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പ്രതിഷേധത്തെതുടര്‍ന്ന് ചങ്ങനാശ്ശേരി എസ്‌ഐ യെ സ്ഥലം മാറ്റി. വ്യാഴാഴ്ച ചങ്ങനാശേരി താലൂക്കില്‍ ഹര്‍ത്താല്‍ നടത്താന്‍ യു.ഡി.എഫ് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം തുടങ്ങിയ അവശ്യ സേവനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.