കോവളത്ത് 'ഡ്രോണ്‍' പറത്തിയവരെ പൊലീസ് കണ്ടെത്തി. റെയില്‍ പാതാ വികസനവുമായി ബന്ധപ്പെട്ട് സര്‍വേ നടത്തുന്ന കമ്പനിയുടെ ഡ്രോണ്‍ നിയന്ത്രണം വിട്ട് കോവളം ഭാഗത്തെത്തിയതായാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. ജീവനക്കാര്‍ കാറിലിരുന്ന് പ്രവര്‍ത്തിപ്പിക്കുമ്പോഴാണ് മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ പറക്കാന്‍ ശേഷിയുള്ള ഡ്രോണ്‍, നിയന്ത്രണം വിട്ട് കോവളം ഭാഗത്തേക്ക് പറന്നത്. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍ട്രോണ്‍ സൊല്യൂഷന്‍ കമ്പനിയാണ് റെയില്‍വേയ്‌ക്കുവേണ്ടി സര്‍വേ നടത്തുന്നത്. കമ്പനി ഉദ്യോഗസ്ഥരെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്.
പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് രാത്രി ഡ്രോണ്‍ പറക്കുന്നത് കണ്ടത്. പിന്നീട് കോവളം, കൊച്ചുവേളി, ശംഖുമുഖം ഭാഗത്തുള്ളവരും ഡ്രോണ്‍ പറക്കുന്നത് കണ്ടു. വിഎസ്‌എസ്‌സിയിലെ സുരക്ഷാ ഉദ്യോഗസ്ഥരും ഡ്രോണ്‍ കണ്ടതായി അറിയിച്ചതോടെ അന്വേഷണം ആരംഭിച്ചു. സ്വകാര്യ കമ്പനികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കോവളത്ത് പറന്ന ഡ്രോണിന്റെ ഉറവിടം തിരിച്ചറിഞ്ഞത്.
ഇതേസമയം, പൊലീസ് ആസ്ഥാനത്തിനു മുകളിലൂടെ ഡ്രോണ്‍ പറന്ന സംഭവത്തിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. പൊലീസ് ആസ്ഥാനത്ത് സുരക്ഷാ ഡ്യൂട്ടിയിലുള്ള പൊലീസുകാരാണ് രാത്രി പത്തരയോടെ ഡ്രോണ്‍ പറക്കുന്നത് കണ്ടത്. പിന്നാലെ അതീവ സുരക്ഷാ മേഖലയായ പത്മനാഭ സ്വാമി ക്ഷേത്രത്തിനടുത്തും ഡ്രോണ്‍ പറന്നായി പൊലീസിന് വിവരം ലഭിച്ചു. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല