സംസ്ഥാനത്ത് കോവിഡ് മഹാമാരിയുടെ അതിനിര്‍ണായകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
രോഗത്തിന്റെ അവസ്ഥ ഉച്ഛസ്ഥായിലാണെന്ന് പറയാനാകില്ല. ലോകത്ത് കോവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ് കേരളം. ഈ പ്രത്യേകത കൂടി കണക്കിലെടുത്താല്‍ രോഗത്തെ അതിന്റെ ഉച്ഛസ്ഥായിലെത്താന്‍ അനുവദിക്കാതെ കൂടുതല്‍ സമയം പിടിച്ചു നിര്‍ത്താനായി. നമ്മുടെ രാജ്യം ഇപ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമായി മാറി.
75,995 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 47,857 കേസുകളുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ബ്രസീലുമായി താരതമ്യം ചെയ്യുമ്പോഴാണ് നമ്മുടെ രാജ്യത്തെ സ്ഥിതി എത്ര ഗുരുതരമാണെന്ന് മനസ്സിലാകുക. മരണം ഒരു ദിവസം ഏകദേശം 1000ല്‍ കൂടുതലുണ്ടാകുന്ന സാഹചര്യമാണ് രാജ്യത്ത്. ദക്ഷിണേന്ത്യയില്‍ രോഗം വ്യാപനം രൂക്ഷമാകുന്നു. കര്‍ണാടകയില്‍ കേസുകള്‍ മൂന്നു ലക്ഷം കഴിഞ്ഞു. അയ്യായിരത്തോളം പേരാണ് മരിച്ചത്. കര്‍ണാടകയിലേയോ തമിഴനാട്ടിലെയോ നിലയിലായിരുന്നു ഇവിടെയുമെങ്കില്‍ ആയിരക്കണക്കിന് മരണം ഇവിടെയും സംഭവിച്ചേനേ. ഈ സംസ്ഥാനങ്ങളേക്കാള്‍ കൂടുതല്‍ ജനസാന്ദ്രത, വയോജനങ്ങളുടെ എണ്ണം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരുടെ എണ്ണം എന്നിവ കേരളത്തില്‍ കൂടുതലാണ്. ഇതെല്ലാമുണ്ടായിട്ടും രോഗവ്യാപനവും മരണനിരക്കും പിടിച്ചുനിര്‍ത്താനായത് ജനങ്ങളുടെ സഹകരണം മൂലമാണ്. അതോടൊപ്പം സര്‍ക്കാര്‍ സംവിധാനങ്ങളുടെ മികച്ച പ്രവര്‍ത്തനവും. ആരോഗ്യസംവിധാനങ്ങളുടെ ശാക്തീകരണം, ജനങ്ങളുടെ പങ്കാളിത്തത്തോടെ ബ്രേക് ദ് ചെയിന്‍ ക്യാംപെയ്‌ന്‍ കൂടുതല്‍ ഫലപ്രദമാക്കുക എന്നീ കാര്യങ്ങളാണ് പ്രധാനമായും പരിഗണിക്കുന്നത്. രോഗവ്യാപനത്തിന്റെ തോത് ഫലപ്രദമായി വിനിയോഗിച്ചതുകൊണ്ട് ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താനായി. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍, ആവശ്യത്തിന് ലാബ് പരിശോധന സംവിധാനങ്ങള്‍, കോവിഡ് സെന്ററുകള്‍, കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് ബ്രിഗേഡ് ഇങ്ങനെ രോഗാവസ്ഥ അതിന്റെ പരമോന്നതിയില്‍ എത്തുമ്പോള്‍ അതിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ നമുക്കായി. നിലവിലുള്ളതിനേക്കാള്‍ എട്ടുമടങ്ങ് രോഗികള്‍ വര്‍ധിച്ചാല്‍ വരെ ചികിത്സ നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പിണറായി പറഞ്ഞു.