• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

കൊവിഡ്‌ 19 സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു കോടി കടന്നു

പി പി ചെറിയാന്‍
ലോകത്ത്‌ കൊവിഡ്‌ 19 സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു കോടി കടന്നു. അഞ്ച്‌ ലക്ഷത്തിലധികം പേര്‍ക്കാണ്‌ രോഗം ബാധിച്ച്‌ ജീവന്‍ നഷ്ടപ്പെട്ടത്‌. 24 മണിക്കൂറിനിടെ ഒന്നര ലക്ഷത്തിലധികം കേസുകളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്‌.

വൈറസിന്റെ വ്യാപനം വര്‍ധിക്കുന്നതല്ലാതെ കുറയുന്നില്ലെന്നാണ്‌ ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്‌. മെയ്‌ അവസാനം രോഗ വ്യാപനത്തില്‍ നേരിയ കുറവുണ്ടായിരുന്നെങ്കിലും ജൂണില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ്‌ ഉണ്ടായത്‌.

കോവിഡ്‌ ഏറ്റവുമധികം നാശം വിതച്ചത്‌ അമേരിക്കയിലാണ്‌. കോവിഡ്‌ ബാധിതരുടെ എണ്ണം 26 ലക്ഷത്തിലേക്ക്‌ കുതിക്കുന്നു. ജോണ്‍സ്‌ ഹോപ്‌കിന്‍സ്‌ സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 25,52,956 പേര്‍ക്കാണ്‌ അമേരിക്കയില്‍ കോവിഡ്‌ ബാധിച്ചിട്ടുള്ളത്‌. 1,27,640 പേര്‍ രോഗത്തേത്തുടര്‍ന്ന്‌ മരണമടഞ്ഞു.

അതേസമയം യു.എസില്‍ കോവിഡ്‌ ബാധിതരുടെ എണ്ണം ഇപ്പോഴത്തേതിന്റെ പത്തിരട്ടിയാകാന്‍ സാധ്യതയെന്ന്‌ സെന്‍റര്‍ ഫോര്‍ ഡിസീസ്‌ കണ്‍ട്രോളിന്റെ (സി.ഡി.സി.) മുന്നറിയിപ്പ്‌.
അമേരിക്ക, ബ്രസീല്‍, റഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ്‌ പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിക്കൊണ്ടിരിക്കുന്നത്‌. ബ്രസീലാണ്‌ രോഗികളുടെ എണ്ണത്തില്‍ രണ്ടാമത്‌. 12 ലക്ഷത്തിലധികം രോഗികളും 55,000 മരണവും. റഷ്യയില്‍ രോഗികളുടെ എണ്ണം ആറ്‌ ലക്ഷം കടന്നു..

ഇന്ത്യയില്‍ രോഗ ബാധിതരുടെ എണ്ണം അഞ്ച്‌ ലക്ഷത്തിലേക്ക്‌ അടുക്കുകയാണ്‌. രോഗബാധിതരുടെ പട്ടികയില്‍ നാലാമതാണ്‌ ഇന്ത്യയുടെ സ്ഥാനം. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇതുവരെ 4,90,401 പേരാണ്‌ രോഗബാധിതതരായത്‌.

Top