കോവിഡിനെതിരായ വാക്‌സീന്‍ ഗവേഷണം ശാസ്‌ത്രലോകം ഊര്‍ജിതമാക്കവേ, ശരിയായ ഫലം തരുന്ന വാക്‌സീനു വേണ്ടി കൂടുതല്‍ കാത്തിരിക്കേണ്ടി വരുമെന്നു സൂചന. പരീക്ഷണം അന്തിമഘട്ടത്തിലേക്കു കടന്ന യുകെ, ചൈന, റഷ്യ എന്നിവിടങ്ങളില്‍ ഈ വര്‍ഷം തന്നെ വാക്‌സീന്‍ തയാറായേക്കും. എന്നാല്‍, കോവിഡിനെതിരെ ഇവ പൂര്‍ണമായി ഫലിക്കുമോ എന്ന് ബന്ധപ്പെട്ടവര്‍ക്കും ഉറപ്പില്ല.
ആദ്യം പുറത്തിറങ്ങുന്ന വാക്‌സീന്റെ പോരായ്‌മകള്‍ പരിഹരിച്ചു കൂടുതല്‍ ശക്തമായ വാക്‌സീന്‍ പുറത്തിറക്കാനുള്ള ശ്രമം തുടരേണ്ടി വരും. ചുരുക്കത്തില്‍ കോവിഡിനെതിരെ ഒന്നിനു പുറകേ ഒന്നായി പരീക്ഷണ വാക്‌സീനുകള്‍ എത്തും.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നവംബര്‍ 3നു നടക്കാനിരിക്കെ അതിനു മുന്‍പോ അതോടനുബന്ധിച്ചോ കോവിഡ് വാക്‌സീന്‍ ലഭ്യമായേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഈ വര്‍ഷം തന്നെ വാക്‌സീന്‍ ലഭ്യമാകുമെന്ന് പറഞ്ഞ അദ്ദേഹം ചിലപ്പോള്‍ അതു നേരത്തെയാകാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
മോഡേന കമ്പനി വികസിപ്പിച്ച കോവിഡ് വാക്‌സീന്‍ ഉപയോഗിച്ചു ചുണ്ടെലികളില്‍ നടത്തിയ ചാലഞ്ച് ട്രയല്‍ ഫലപ്രദമെന്നു പഠനം. വാക്‌സീന്‍ നല്‍കിയ ചുണ്ടെലികളിലെ ആന്റിബോഡി കാര്യമായി വര്‍ധിച്ചതായും പിന്നീട് വൈറസ് സാമീപ്യം വന്നിട്ടും കോവിഡ് ബാധയേറ്റില്ലെന്നുമാണ് കണ്ടെത്തല്‍. വാക്‌സീന്‍ നല്‍കിയവരില്‍ യഥാര്‍ഥ വൈറസുകളെ വച്ചു നടത്തുന്ന ചാലഞ്ച് ട്രയല്‍ കോവിഡിന്റെ കാര്യത്തില്‍ വേണ്ടെന്നാണ് ഇന്ത്യയുടെ അടക്കം നിലപാട്. ഫലപ്രദമായ ചികിത്സ ലഭ്യമല്ലെന്നതാണു കാരണം.