കോവിഡ് അല്‍പം ശാന്തമായതിനു പിന്നാലെ സംസ്ഥാനം മറ്റു പകര്‍ച്ചവ്യാധികളുടെ ഭീഷണിയില്‍. മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗമാണു മഴക്കാലത്തെ പതിവു രോഗങ്ങള്‍ ഇത്തവണ പെരുകിയേക്കുമെന്നു മുന്നറിയിപ്പു നല്‍കിയത്. എല്ലാ ജില്ലകളിലും സര്‍വെയ്‌ലന്‍സ് ഓഫിസര്‍ ഉണ്ടെങ്കിലും അവര്‍ കോവിഡിനു പിന്നാലെയാണിപ്പോള്‍. അതിനാല്‍ മറ്റ് ഓഫിസര്‍മാരെ ചുമതലപ്പെടുത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടില്‍ ഊര്‍ജിതമാക്കാനാണു തീരുമാനം.
ഈ വര്‍ഷം ഇതുവരെ 33 പേര്‍ പകര്‍ച്ചവ്യാധികള്‍ മൂലം മരിച്ചു. 14 പേര്‍ പനിയും 4 പേര്‍ എലിപ്പനിയും ബാധിച്ചാണു മരിച്ചത്. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, എച്ച്1എന്‍1 എന്നിവയാണു മറ്റു രോഗങ്ങള്‍.