കേരളത്തില്‍ പോസിറ്റീവായ കേസുകളില്‍ അധികവും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവരാണെന്ന് കോവിഡ് അവലോകന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 642 ആയി. ഇതില്‍ 142 പേര്‍ ചികില്‍സയിലുണ്ട്. 72,000 പേരാണ് നിരീക്ഷണത്തില്‍ 71545 പേര്‍ വീടുകളിലും 455 പേര്‍ ആശുപത്രികളിലും. ഇതുവരെ 46,958 സാംപിള്‍ പരിശോധനയ്‌ക്ക് അയച്ചു. ഇതില്‍ 45,527 എണ്ണത്തില്‍ രോഗബാധ ഇല്ലെന്നു കണ്ടെത്തി.
സംസ്ഥാനത്ത് ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 33 ആയി. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ മുനിസിപ്പാലിറ്റി, ചൊക്ലി, മയ്യില്‍ പഞ്ചായത്ത്, കോട്ടയം ജില്ലയിലെ കോരുത്തോട് പഞ്ചായത്ത് എന്നിവയാണ് പുതുതായി ഹോട്‌സ്‌പോട്ട് പട്ടികയില്‍ ഇടംപിടിച്ചത്.
സംസ്ഥാനത്തു സമൂഹവ്യാപനം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. റാന്‍ഡം ടെസ്റ്റും സെന്റിനല്‍ സര്‍വൈലന്‍സ് ഫലങ്ങളും ഇതിനു തെളിവാണ്. സംസ്ഥാനത്തു സമൂഹവ്യാപനം ഇല്ലെങ്കിലും സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം ശ്രദ്ധിക്കണം. രോഗസാധ്യതയുള്ള മുന്‍ഗണനാ വിഭാഗത്തിലുള്ളവരെ ടെസ്റ്റ് ചെയ്യുന്നത് രോഗവ്യാപനം എത്രത്തോളം സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്ന് മനസിലാക്കാനാണ്. മുന്‍ഗണനാ വിഭാഗത്തില്‍ 5,630 സാംപിള്‍ ശേഖരിച്ചു. ഇതില്‍ നാലു പേര്‍ക്കാണ് രോഗമുണ്ടെന്ന് കണ്ടത്. സമൂഹവ്യാപനം കേരളത്തില്‍ ഉണ്ടായില്ലെന്നാണ് ഇത് കാണിക്കുന്നത്.
കര, വ്യോമ, നാവിക മാര്‍ഗങ്ങളില്‍ കോവിഡ് പാസുമായി സംസ്ഥാനത്ത് എത്തിയത് 74,426 പേരാണ്. ഇതില്‍ 44,712 പേര്‍ വന്നത് റെഡ് സോണ്‍ ജില്ലകളില്‍നിന്നാണ്. 63,239 പേര്‍ റോഡ് മാര്‍ഗം എത്തി. വിമാന മാര്‍ഗം എത്തിയ 53 പേര്‍ക്കും കപ്പല്‍വഴി എത്തിയ ആറു പേര്‍ക്കും റോഡ് വഴിയെത്തിയ 46 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.മുഖ്യമന്ത്രി പറഞ്ഞു.