കോവിഡ് വ്യാപനത്തിനു മുന്നില്‍ ചോദ്യചിഹ്നമായി തുടരുകയാണ് മഹാരാഷ്ട്ര. റെക്കോര്‍ഡ് മരണനിരക്ക്.
കോവിഡിന്റെ വിളനിലമായ മുംബൈയുടെ സമസ്‌ത മേഖലകളിലും രോഗവ്യാപനം. മഹാനഗരത്തില്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്‌തത് 875 കേസുകളും 19 മരണവും. ആര്‍തര്‍ റോഡ് ജയിലില്‍ തടവുകാരും ജീവനക്കാരും ഉള്‍പ്പടെ 184 പേര്‍ പോസിറ്റീവായി. ധാരാവിയില്‍ 859 കേസുകളും 29 മരണവും. 786 പൊലീസുകാര്‍ക്കും സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. മൂന്നൂറിലേറെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും 64 മാധ്യമപ്രവര്‍ത്തകര്‍ക്കും ഇതുവരെ രോഗം കണ്ടെത്തി. ആകെ മരണം 832. നിലവില്‍ സംസ്ഥാനത്ത് 1237 ആക്ടീവ് കണ്ടെയ്‌ന്‍മെന്റ് സോണുകളാണ് ഉള്ളത്.
മുംബൈയിലെ സ്ഥിതി മറ്റുഭാഗങ്ങളെ അപേക്ഷിച്ചു വ്യത്യസ്‌തമാണെന്നും ഒരു ചതുരശ്ര കിലോമീറ്ററില്‍ 2000 ആളുകളോളം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമായതിനാല്‍ സമൂഹവ്യാപനത്തിനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 24 മണിക്കൂറിനിടെ 4213 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. കോവിഡ് കാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് കേസുകള്‍ 67,152 ആയി. കോവിഡ് വ്യാപനം രൂക്ഷമായ ഗുജറാത്തില്‍ ആകെ കേസുകള്‍ എണ്ണായിരം കടന്നു.