നാട്ടിലേക്കു വരുന്ന കാര്യത്തില്‍ പ്രവാസികള്‍ കാത്തിരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാര്‍ തീരുമാനം വരുന്നതു വരെ പ്രവാസികള്‍ കാത്തിരിക്കണം. നാട്ടിലേക്കു വരുന്നവരുടെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്‌ചയും ഇല്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
രണ്ടു ലക്ഷം പേരെ ക്വാറന്റീന്‍ ചെയ്യുന്നതിനുള്ള സംവിധാനം സംസ്ഥാനം ഏര്‍പെടുത്തിയിട്ടുണ്ട്. അതില്‍ കൂടുതല്‍ പേര്‍ തിരിച്ചെത്തിയാലും അവരെയെല്ലാം സ്വീകരിക്കാനും സുരക്ഷിതമായി പാര്‍പ്പിക്കാനുമുള്ള പദ്ധതി തയാറാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയാല്‍ പ്രായം ചെന്നവര്‍, ഗര്‍ഭിണികള്‍, കോവിഡ് 19 ഒഴികെയുള്ള മറ്റുരോഗങ്ങള്‍ക്കു ചികിത്സ തേടുന്നവര്‍ എന്നിവര്‍ക്കു മുന്‍ഗണന നല്‍കേണ്ടിവരും.
പൊതുഗതാഗത സംവിധാനങ്ങള്‍ തല്‍ക്കാലം പ്രവര്‍ത്തിക്കില്ല. ലോക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും. വാഹനപരിശോധന തീവ്രമാക്കും. ആരാധനാലയങ്ങള്‍ ലോക്‌ഡൗണ്‍ കഴിയുംവരെ തുറക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.