• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ചില്‍ ബസുകളുടെ സ്റ്റോപ്പുകള്‍ വെട്ടിക്കുറച്ച്‌ തച്ചങ്കരിയുടെ പുതിയ ഉത്തരവ്; സ്റ്റോപ്പുകള്‍ വെട്ടിച്ചുരുക്കി പുതിയ പട്ടികയിറക്കി; ചില്‍ ബസുകള്‍ ഭാവിയില്‍ പ്രീമിയം സര്‍വീസുകളായി മാറിയേക്കുമെന്നും സൂചന

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ചില്‍ ബസുകളുടെ സ്റ്റോപ്പുകള്‍ വെട്ടിക്കുറച്ച്‌ സിഎംഡി ടോമിന്‍ തച്ചങ്കരിയുടെ പുതിയ ഉത്തരവ്. മുന്‍പുണ്ടായിരുന്നതിനേക്കാള്‍ സ്‌റ്റോപ്പുകള്‍ ചുരുക്കുകയാണ് ലക്ഷ്യം. ചില്‍ ബസുകള്‍ ഭാവിയില്‍ പ്രീമിയം സര്‍വീസുകളായി മാറിയേക്കുമെന്നും സൂചനയുണ്ട്. ഇക്കഴിഞ്ഞ ജൂലൈയില്‍ ചില്‍ ബസിന്റെ പരീക്ഷണ ഓട്ടം വിജയമായിരുന്നെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. അന്നത്തെ കണക്ക് പ്രകാരം എറണാകുളം- തിരുവനന്തപുരം സര്‍വീസ് ആറ് ദിവസം കൊണ്ട് 24 ലക്ഷം രൂപയാണ് നേടിയത്.അതായത് ഏകദേശം നാലു ലക്ഷം രൂപ പ്രതിദിന കലക്ഷന്‍ ലഭിച്ചിരുന്നു. ഓഗസ്റ്റ് ഒന്നു മുതലാണ് മറ്റ് റൂട്ടുകളില്‍ ചില്‍ ബസ് സര്‍വീസുകള്‍ ആരംഭിച്ച്‌ തുടങ്ങിയത്.

ഇത്തരത്തില്‍ സര്‍വീസ് ആരംഭിക്കുന്നതോടു കൂടി കെഎസ്‌ആര്‍ടിസിക്കുള്ള വരുമാനത്തില്‍ ഗണ്യമായ വര്‍ധനയാണ് പ്രതീക്ഷിച്ചത്. ഹെഡ് റെസ്റ്റ് ഇല്ലാത്ത ബസുകളില്‍ അവ ലഭ്യമാക്കാനും നീക്കമുണ്ടായിരുന്നു. സീറ്റുകളുടെ എണ്ണം കൂട്ടാനും നിലവിലുള്ള സീറ്റുകള്‍ കുഷ്യന്‍ സീറ്റുകളാക്കാനും നീക്കമുണ്ട്. രാവിലെ അഞ്ചിനും എട്ടിനുമിടയിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടിരുന്നത്. എന്നാല്‍ ഒരു മാസം പിന്നിട്ടു കഴിഞ്ഞപ്പോഴേയ്ക്കും യാത്രക്കാരുടെ എണ്ണം കുറഞ്ഞുവെന്നാണ് സൂചനകള്‍.

ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം- എറണാകുളം ചില്‍ ബസില്‍ രാവിലെയുള്ള ചില ഷെഡ്യൂളുകളില്‍ 35,000 രൂപ വരെയാണ് ആദ്യം കലക്ഷന്‍ ലഭിച്ചിരുന്നത്. 24,000 രൂപയായിരുന്നു ഈ റൂട്ടിലെ ശരാശരി കലക്ഷന്‍. തിരക്കേറിയ സമയങ്ങളില്‍ തിരുവനന്തപുരം എറണാകുളം സെക്ടറില്‍ അരമണിക്കൂര്‍ ഇടവിട്ടുള്ള സര്‍വീസും പരിഗണനയിലുണ്ടെന്നു സിഎംഡി പറഞ്ഞു. പകല്‍ ഓരോ മണിക്കൂര്‍ ഇടവിട്ടും രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ചു വരെ രണ്ടു മണിക്കൂര്‍ ഇടവിട്ടുമാണു സര്‍വീസ്.

വിമാനത്താവളത്തില്‍ ബസ് നിര്‍ത്തുന്ന സ്ഥലത്തേക്കു ട്രോളിയില്‍ ലഗേജുമായി എത്താന്‍ ബുദ്ധിമുട്ടുണ്ട്. ഇതിനു പരിഹാരമായി രാജ്യാന്തര, ആഭ്യന്തര ടെര്‍മിനലുകള്‍ക്കു മുന്‍പില്‍ നിന്നു ബസില്‍ കയറാനുള്ള സംവിധാനം ഒരുക്കണമെന്ന ആവശ്യവും ശക്തമാണ്. ബസുകളുടെ സമയക്രമം വിമാനത്താവളത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നു യാത്രക്കാര്‍ പറയുന്നു. സ്‌റ്റോപ്പുകളുടെ എണ്ണം ചുരുക്കുന്നത് വഴി വരുമാനം കുറഞ്ഞ അവസ്ഥയില്‍ നിന്നും അല്‍പം മാറ്റമുണ്ടാകുമെന്നാണ് കെഎസ്‌ആര്‍ടിസിയുടെ പ്രതീക്ഷ.

എന്‍എച്ച്‌ വഴിയും എംസി റോഡ് വഴിയുള്ളതുമായ ചില്‍ ബസുകളുടെ പുതിയ സ്റ്റോപ്പുകളുടെ പട്ടിക

 

 

Top