ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്ക് കെ എസ് യു നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. മാര്‍ച്ച് കഴിഞ്ഞിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോകാത്തതാണ് സംഘര്‍ഷത്തിന് കാരണമായത്. പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ ജലപീരങ്കിയും കണ്ണീര്‍ വാതകവും പോലീസ് ആദ്യം പ്രയോഗിച്ചുവെങ്കിലും പ്രകോപനകരമായ മുദ്രാവാക്യവും കല്ലേറും തുടര്‍ന്നതോടെ പോലീസ് ലാത്തി വീശുകയായിരുന്നു.
മൂന്ന് തവണയാണ് പോലീസ് ലാത്തിവീശിയത്. സംഘര്‍ഷത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത് ഉള്‍പ്പെടെ പത്തോളം കെ എസ് യു പ്രവര്‍ത്തകര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌ത മാര്‍ച്ച് പൂര്‍ത്തിയായിട്ടും സെക്രട്ടേറിയറ്റ് പരിസരത്ത് കൂടിനിന്ന കെ എസ് യു പ്രവര്‍ത്തകര്‍ പോലീസിനെ വെല്ലുവിളിക്കുകയായിരുന്നു. ആദ്യം ജലപീരങ്കി പ്രയോഗിച്ച് പോലീസ് ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ കൂട്ടാക്കിയില്ല. പോലീസ് വാഹനത്തിന് മുകളില്‍ കയറി വരെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതോടെയാണ് ലാത്തി വീശിയത്. ഇതില്‍ നിലത്തുവീണ പ്രവര്‍ത്തകരെ പോലീസ് വളഞ്ഞിട്ട് തല്ലി. ഒരു മണിക്കൂറോളം സെക്രട്ടേറിയറ്റ് പരിസരത്ത് കെ എസ് യു പോലീസ് ഏറ്റമുട്ടല്‍ തുടരുകയായിരുന്നു. ഒരു വിഭാഗം പ്രവര്‍ത്തകര്‍ പോലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ചതിനാല്‍ ഏറെനേരം തലസ്ഥാനനഗരിയില്‍ സംഘര്‍ഷാവസ്ഥ നിലനിന്നു.