പത്തനംതിട്ട: വെള്ളിയാഴ്ച നട തുറക്കാനിരിക്കെ ശബരിമലയില്‍ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിലയ്ക്കല്‍, ഇലവുങ്കല്‍, പന്പ, സന്നിധാനം എന്നിവിടങ്ങളില്‍ ഇന്നു മുതലാണു നിരോധനാജ്ഞ. 22 വരെ നിരോധനാജ്ഞ നീളും. ചിത്തിര ആട്ടതിരുന്നാളിന് നട തുറന്നപ്പോഴും ഈ സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
ആകെ 15,259 പോലീസ് ഉദ്യോഗസ്ഥരെയാണ് ശബരിമലയിലും പരിസരത്തുമായി സുരക്ഷയ്ക്കു നിയോഗിച്ചിട്ടുളളത്. ഡിഐജി മുതല്‍ അഡീഷണല്‍ ഡിജിപി വരെയുളള ഉന്നത ഉദ്യോഗസ്ഥര്‍ കൂടാതെയാണിത്. നാല് ഘട്ടങ്ങളുളള ഈ സീസണില്‍ എസ്പി, എഎസ്പി തലത്തില്‍ ആകെ 55 ഉദ്യോഗസ്ഥര്‍ സുരക്ഷാചുമതലകള്‍ക്കായി ഉണ്ടാകും. 20 അംഗങ്ങളുളള കേരള പോലീസ് കമാന്‍ഡോ സംഘത്തെ സന്നിധാനത്ത് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. കൂടാതെ ഏത് സാഹചര്യവും നേരിടുന്നതിനായി തണ്ടര്‍ ബോള്‍ട്ടിന്റെ ഒരു പ്ലറ്റൂണിനെ മണിയാറില്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്.