തിരുവനന്തപുരം: മാധ്യമം പത്രത്തിനെതിരെ താൻ യുഎഇ കോൺസുൽ ജനറലിന് കത്തയച്ചിട്ടുണ്ടെന്ന് സമ്മതിച്ച് കെ.ടി ജലീൽ. അതേസമയം യുഎഇ ഭരണാധികാരിക്ക് കത്തയച്ചെന്ന ആരോപണം ജലീൽ നിഷേധിച്ചു. കോവിഡ് സമയത്ത് ഗൾഫിൽ മരിച്ചവരുടെ ഫോട്ടോ വെച്ച് മാധ്യമം ഒരു ഫീച്ചർ പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ നിജസ്ഥിതി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്നത്തെ യുഎഇ കോൺസുൽ ജനറലിന്റെ പി.എക്ക് ഒരു വാട്സ്ആപ്പ് സന്ദേശമയച്ചിരുന്നു. ഇതിന്റെ ഒരു കോപ്പി തന്റെ പേഴ്സണൽ മെയിലിൽനിന്ന് കോൺസുൽ ജനറലിനും അയച്ചിട്ടുണ്ടെന്ന് ജലീൽ പറഞ്ഞു.
പാർട്ടിയുടെയോ സർക്കാറിന്റെയോ അറിവോടെയല്ല മെയിൽ അയച്ചത്. പത്രം നിരോധിക്കണമെന്ന് കത്തിൽ എവിടെയും ആവശ്യപ്പെട്ടിട്ടില്ല. ഇക്കാര്യത്തിൽ സ്വപ്ന പറഞ്ഞത് പച്ചക്കള്ളമാണെന്നും ജലീൽ പറഞ്ഞു. ഗൾഫിൽ നിരവധി പേർ ചികിത്സ കിട്ടാതെ മരിച്ചുവെന്ന വാർത്തയും ചിത്രവും മാധ്യമം പ്രസിദ്ധീകരിച്ചതിന്റെ നിജസ്ഥിതി അറിയാൻ ഒരു വാട്‌സ്ആപ്പ് മെസേജ് അന്നത്തെ കോൺസുൽ ജനറലിന്റെ പിഎക്ക് അയച്ചതാണെന്ന് കെടി ജലീൽ പറയുന്നത്.
സ്വർണക്കള്ളക്കടത്തിൽ തനിക്ക് ബന്ധമില്ലന്ന് പറഞ്ഞതിൽ സന്തോഷമെന്ന് അദ്ദേഹം വ്യക്തമാക്കി. ഖുറാന്റെയും കാരക്കയുടെയും മറവിൽ സ്വർണം കടത്തിയെന്ന് പറയുന്നത് അസ്ഥാനത്താണെന്ന് പറഞ്ഞതിൽ സന്തോഷം. താനും സ്വപ്നയുമായി നടത്തിയിട്ടുള്ള വാട്‌സ് ആപ്പ് ചാറ്റുകൾ ഒരു വലിയ സ്‌ക്രീനിൽ തന്നെ കാണിച്ചതാണ്. യു എ ഇ ഭരണാധികാരിക്ക് ഒരു കത്തും താൻ അയച്ചിട്ടില്ല. തന്റെ മെയിൽ പരിശോധിച്ചാൽ വ്യക്തമാകും.
കോവിഡ് കാരണം മരിച്ചവരുടെ ചിത്രം വച്ച് മാധ്യമം ഒരു ഫീച്ചർ തയ്യാറാക്കിയിരുന്നു. പത്രത്തിൽ ഫോട്ടോ പ്രസിദ്ധീകരിച്ചതിനെതിരെ മരിച്ചവരുടെ പലരുടെയും ബന്ധുക്കൾ പ്രതിഷേധിച്ചു. ഗൾഫിൽ നിരവധി പേർ ചികിത്സ കിട്ടാതെ മരിച്ചുവെന്ന വാർത്തയും ചിത്രവും മാധ്യമം പ്രസിദ്ധീകരിച്ചതിന്റെ നിജസ്ഥിതി അറിയാൻ ഒരു വാട്‌സ്ആപ്പ് മെസേജ് അന്നത്തെ കോൺസുൽ ജനറലിന്റെ പിഎക്ക് വാട്‌സ്ആപ്പിൽ മെസേജ് അയച്ചു. പത്രം നിരോധിക്കണം എന്ന് എവിടെയും പറഞ്ഞിട്ടില്ല. ഈ കാര്യം അവരുടെ ശ്രദ്ധയിൽ പെടുത്തിയതല്ലാതെ മറ്റൊന്നും അതുമായി ബന്ധപ്പെട്ട് നടന്നിട്ടില്ല.
കോൺസുൽ ജനറലുമായി ബിസിനസ് ബന്ധമുണ്ടാക്കാൻ ശ്രമിച്ചിട്ടില്ല. ജീവിതത്തിൽ യൂത്ത് ലീഗിന്റെ സെക്രട്ടറിയായിരുന്ന കാലത്ത് ട്രാവൽ ഏജൻസി നടത്തിയതൊഴിച്ചാൽ മറ്റൊരു ബിസിനസിലും ഇന്നുവരെ താൻ പങ്കാളിയായിട്ടില്ല. ഗൾഫിലെന്നല്ല ലോകത്ത് എവിടെയും ബിസിനസോ ബിസിനസ് പങ്കാളിത്തമോയില്ല. നികുതി അടയ്ക്കാത്ത ഒരു രൂപ പോലും തന്റെ പക്കലില്ല.
ഇഡി എന്റെ എല്ലാ ബാങ്ക് അക്കൗണ്ടും പരിശോധിച്ചതാണ്. ഒരു രൂപയുടെ പോലും അവിഹിത സമ്പാദ്യം അയച്ചിട്ടില്ല. എന്റെ ഭാര്യയുടെയോ മക്കളുടെയോ അക്കൗണ്ടുകളിലേക്കും പണം ആരും അയച്ചിട്ടില്ല. ഒരു ബിസിനസ് ബന്ധവുമില്ല, പിന്നല്ലേ കോൺസുൽ ജനറലുമായി ബന്ധമില്ല. അവരൊക്കെ എല്ലാവരെയും ഒരേ തുലാസിലിട്ട് തൂക്കുകയാണ്. എന്റെ സാമ്പത്തിക സ്രോതസ് എല്ലാവരും അന്വേഷിച്ചതാണ്. 2200 സ്‌ക്വയർ ഫീറ്റ് വീടാണ് ഉള്ളത്. കാനറ ബാങ്കിൽ നിന്ന് വായ്പയെടുത്താണ് പത്ത് ലക്ഷം രൂപയ്ക്ക് അന്നാ വീട് വെച്ചത്. 2004 ലായിരുന്നു താമസം തുടങ്ങിയത്. ഇത്ര വലിയ ബിസിനസുള്ളയാളുകളുടെ ബന്ധുക്കളുടെയോ മക്കളുടെയോ ജീവിതം കണ്ടാൽ എല്ലാവർക്കും മനസിലാവുമല്ലോ.- ജലീൽ പറഞ്ഞു.
മാധ്യമം ഗൾഫിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കെ.ടി ജലീൽ യുഎഇ ഭരണാധികാരിക്ക് കത്തയച്ചുവെന്നായിരുന്നു സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ പ്രോട്ടോക്കോൾ ലംഘിച്ച് ജലീൽ കോൺസുലേറ്റ് ജനറലുമായി രഹസ്യ കൂടിക്കാഴ്‌ച്ച നടത്തിയതായും ആരോപണം ഉയർത്തി.
കോവിഡിനെ തുടർന്ന് ഗൾഫിൽ മരിച്ചവരുടെ ചിത്രം സഹിതം 'മാധ്യമം' നൽകിയ വാർത്ത ചൂണ്ടിക്കാട്ടിയായിരുന്നു ജലീലിന്റെ ആവശ്യം. 'മാധ്യമ'ത്തിലെ വാർത്ത യു.എ.ഇ ഭരണാധികാരികൾക്ക് അവമതിപ്പുണ്ടാക്കുന്നതെന്നായിരുന്നു ജലീലിന്റെ നിലപാട്. പത്രം നിരോധിക്കാൻ ആവശ്യമായ ഇടപെടൽ നടത്താൻ ജലീൽ സ്വപ്നയോടും ആവശ്യപ്പെട്ടു. ഇത് രാഷ്ട്രീയപ്പാർട്ടിയിൽ തനിക്കുള്ള സ്വാധീനം വർധിപ്പിക്കാൻ സഹായിക്കുമെന്നായിരുന്നു ജലീൽ സൂചിപ്പിച്ചതെന്ന് സ്വപ്ന പറയുന്നു.
യു.എ.ഇ ഭരണാധികാരിക്ക് അയച്ച കത്തിന്റെ ഡ്രാഫ്റ്റും വാട്സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീൻഷോട്ടും സ്വപ്ന ഹൈക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കത്തയച്ചത് വിദേശകാര്യ മന്ത്രാലയത്തിന്റെ അറിവില്ലാതെയായിരുന്നു. വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ പ്രോട്ടോക്കോൾ ലംഘിച്ച് ജലീൽ കോൺസുലേറ്റ് ജനറലുമായി രഹസ്യ കൂടിക്കാഴ്ച നടത്തി. ഇത് രാജ്യവിരുദ്ധ പ്രവർത്തനമാണ്. ഇതോടൊപ്പം വിദേശത്ത് നിരവധി ബിസിനസ് സംരംഭങ്ങൾക്കും ജലീൽ പദ്ധതിയിട്ടിരുന്നതായി സ്വപ്ന ആരോപിച്ചു.