• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക്‌ കുല്‍ഭൂഷണെ കാണാന്‍ പാക്ക്‌ അനുമതി

ചാരക്കേസില്‍ പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക്‌ അനുമതി നല്‍കി പാക്കിസ്ഥാന്‍. നാളെയാണു കുടിക്കാഴ്‌ചയ്‌ക്കു സമയം അനുവദിച്ചിരിക്കുന്നത്‌. പത്ത്‌ ദിവസം മുമ്പുള്ള രാജ്യാന്തര കോടതി ഉത്തരവിനെ തുടര്‍ന്നാണ്‌ നടപടി.

ഇതുമായി ബന്ധപ്പെട്ട്‌ ഇന്ത്യ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല. 2017 ഏപ്രിലില്‍ ആണ്‌ നയതന്ത്ര ഉദ്യോഗസ്ഥരെ കാണാന്‍ അനുമതി നല്‍കണമെന്ന്‌ പാക്കിസ്ഥാനോട്‌ ഇന്ത്യ അവസാനമായി ആവശ്യപ്പെട്ടത്‌. ഇസ്ലാമാബാദ്‌ ഇതിനോട്‌ പ്രതികരിക്കാതെ വന്നപ്പോഴാണ്‌ ഇന്ത്യ 2017 മേയില്‍ രാജ്യാന്തര കോടതിയില്‍ കേസ്‌ നല്‍കിയത്‌.

വ്യാപാരിയായിരുന്ന, മുന്‍ നാവികസേനാ ഓഫിസറായ ജാദവിനെ ചാരവൃത്തി ആരോപിച്ച്‌ 2016 ഏപ്രിലിലാണ്‌ പാക്കിസ്ഥാന്‍ തടവിലാക്കിയത്‌.

2017 ഏപ്രിലില്‍ സൈനികക്കോടതി വധശിക്ഷ വിധിച്ചു. തൊട്ടടുത്ത മാസം ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ ഈ വര്‍ഷം ജൂലൈ 17ന്‌ കേസ്‌ പരിഗണിച്ച ഹേഗിലെ രാജ്യാന്തര കോടതി പാക്ക്‌ സൈനിക കോടതി വിധിച്ച വധശിക്ഷ തടയുകയായിരുന്നു.

വധശിക്ഷ പുനപരിശോധിക്കാന്‍ പാക്കിസ്ഥാനു നിര്‍ദേശം നല്‍കിയ കോടതി, ജാദവിന്‌ നയതന്ത്ര സഹായം നല്‍കണമെന്നും ആവശ്യപ്പെട്ടു. കുല്‍ഭൂഷണ്‍ ജാദവ്‌ ചാരനാണെന്നതിന്‌ തെളിവില്ലെന്ന നിലപാടെടുത്ത കോടതി സൈനികക്കോടതിവിധി റദ്ദാക്കുകയോ ജാദവിനെ വിട്ടയയ്‌ക്കാന്‍ നിര്‍ദേശിക്കുകയോ ചെയ്‌തില്ല.

Top