കുല്‍ഭൂഷണ്‍ ജാദവിന് ചാരനെന്ന് മുദ്രകുത്തി പാക്ക് സൈനിക കോടതി വിധിച്ച വധശിക്ഷ ഹേഗിലെ രാജ്യാന്തര കോടതി തടഞ്ഞു. വധശിക്ഷ പുനപരിശോധിക്കാന്‍ പാക്കിസ്ഥാനു നിര്‍ദേശം നല്‍കിയ കോടതി, ജാദവിന് നയതന്ത്ര സഹായം നല്‍കണമെന്നും ആവശ്യപ്പെട്ടു. കുല്‍ഭൂഷണ്‍ ജാദവ് ചാരനാണെന്നതിന് തെളിവില്ലെന്ന നിലപാടെടുത്ത കോടതി സൈനികക്കോടതിവിധി റദ്ദാക്കുകയോ ജാദവിനെ വിട്ടയയ്‌ക്കാന്‍ നിര്‍ദേശിക്കുകയോ ചെയ്‌തില്ല.
പാക്കിസ്ഥാന്‍ നടപടി ക്രമങ്ങള്‍ വിയന്ന കരാറിന്റെ നഗ്‌നമായ ലംഘനമാണെന്നും കോടതി വ്യക്തമാക്കി. ഹേഗിലെ പീസ് പാലസില്‍ ജഡ്‌ജി അബ്ദുള്‍ഖവി അഹമ്മദ് യൂസഫാണ് വിധിപ്രസ്‌താവം വായിച്ചത്. 16 ജഡ്‌ജിമാരടങ്ങുന്ന ബെഞ്ചില്‍ 15 പേരും ഇന്ത്യയുടെ വാദങ്ങള്‍ അംഗീകരിക്കുകയായിരുന്നു. ലോകനീതിദിനത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 6:30നാണ് കോടതി വിധി പറഞ്ഞത്. കേസിലെ വിജയം ഇന്ത്യയുടെ നയതന്ത്ര വിജയം കൂടിയാണ്.
ഇന്ത്യന്‍ ചാരനെന്ന് മുദ്രകുത്തി 2016 ലാണ് കുല്‍ഭൂഷന്‍ ജാദവിനെ പാക്കിസ്ഥാന്‍ പിടികൂടിയത്. വിശദമായ വിചാരണ പോലും നടത്താതെ 2017 ഏപ്രിലില്‍ പാക്ക് പട്ടാളക്കോടതി കുല്‍ഭൂഷനെ വധശിക്ഷയ്‌ക്ക് വിധിക്കുകയും ചെയ്‌തു. ഏതൊരു വിദേശതടവുകാരനു ലഭിക്കേണ്ട നയതന്ത്ര പരിരക്ഷ നിഷേധിച്ചതോടെ പാക്കിസ്ഥാനെതിരെ ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിക്കുകയായിരുന്നു.
മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കൂടിയായ കുല്‍ഭൂഷന്‍ സുധീര്‍ ജാദവ്(48) നെ ബലൂചിസ്‌താന്‍ പ്രവിശ്യയില്‍ വച്ച് ചാരവൃത്തിക്കു ശ്രമിക്കുമ്പോള്‍ 2016 മാര്‍ച്ച് മൂന്നിന് അറസ്റ്റ് ചെയ്‌തെന്നാണ് പാക്കിസ്ഥാന്റെ വാദം. എന്നാല്‍, ഇറാനിലെ ഛബഹാര്‍ തീരത്ത് നിയമപ്രകാരമുള്ള കച്ചവടത്തിനെത്തിയ കുല്‍ഭൂഷനെ പാക്കിസ്ഥാന്‍ തട്ടിക്കൊണ്ടുപോയതാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. നാവികസേനയില്‍ നിന്ന് വിരമിച്ച ശേഷം ജാദവിന് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സികളുമായോ സുരക്ഷാ ഏജന്‍സികളുമായോ യാതൊരു ബന്ധമില്ലെന്നും ഇറാനുമായി നല്ലബന്ധം പുലര്‍ത്തുന്ന ഇന്ത്യയെ നാണം കെടുത്തുകയെന്നതായിരുന്നു പാക്കിസ്ഥാന്റെ ലക്ഷ്യമെന്നും ഇന്ത്യ ആരോപിച്ചിരുന്നു.
കുല്‍ഭൂഷന് ഇന്ത്യയില്‍നിന്നുള്ള നയതന്ത്രസഹായം നിഷേധിച്ചത് 1963ലെ വിയന്ന കരാറിന്റെ ലംഘനമാണെന്നാണ് ഹേഗില്‍ ഇന്ത്യ പ്രധാനമായും വാദിച്ചത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വികാരഭരിതമായാണ് ഇന്ത്യ തങ്ങളുടെ നിലപാട് ലോകസമക്ഷം അവതരിപ്പിച്ചത്. ഇതാദ്യമായി വ്യക്തി സ്വാതന്ത്ര്യം രാജ്യാന്തര കോടതിയുടെ മുന്നില്‍ വന്നു. പാക്ക് സൈനിക കോടതിയിലെ സുതാര്യമല്ലാത്ത, രാജ്യാന്തര നിയമങ്ങള്‍ പാലിക്കാതെയുള്ള വിചാരണയുടെ സാധുതയും ഇന്ത്യ രാജ്യാന്തര കോടതിയില്‍ ചോദ്യം ചെയ്‌തിരുന്നു.