• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

കുമ്പളങ്ങിയിലെ രാത്രികള്‍്‌ സുന്ദരം, മനോഹരം

പ്രണയം, സൗഹൃദം, സാഹോദര്യം, സന്തോഷം ഇതെല്ലാം തികഞ്ഞൊരു സിനിമയാണ്‌ കുമ്പളങ്ങി നൈറ്റ്‌സ്‌. വലയെറിഞ്ഞ്‌ കള്ളും കുടിച്ച്‌ ലക്ഷ്യമൊന്നുമില്ലാതെ നീങ്ങുന്ന കുമ്പളങ്ങിയിലെ സഹോദരങ്ങള്‍ക്കിടയിലേക്കെത്തുന്ന കഥാപാത്രങ്ങളിലാണ്‌ സിനിമയുടെ ജീവന്‍. പഞ്ചായത്തിലെ ഏറ്റവും മോശം വീടാണിതെന്ന സഹോദരങ്ങളില്‍ ഇളയവനായ ഫ്രാങ്കിക്ക്‌ പരാതിയുള്ള വീട്ടിലാണ്‌ സിനിമയുടെ ഏറിയ പങ്കും ചിത്രീകരിച്ചിരിക്കുന്നത്‌. രണ്ടാം പകുതിയില്‍ പുതിയ അന്തേവാസികള്‍കൂടെ ആ വീട്ടിലേക്ക്‌ എത്തുന്നതോടെ അവര്‍ പോലുമറിയാതെ ആ നാട്ടിലെ ഏറ്റവും നല്ല വീടാണതെന്ന തിരിച്ചറിവാണ്‌ പരക്കുന്നത്‌. അതുകൊണ്ടുതന്നെ ഒരര്‍ത്ഥത്തില്‍ ആ വീടാണ്‌ സിനിമയിലെ കേന്ദ്ര കഥാപാത്രം.

നിഷ്‌കളങ്കമായ മനസുകളില്‍ കെട്ടിയിടപ്പെടുന്ന നിസഹായതയുടെ യാഥാര്‍ഥ്യങ്ങള്‍ ഇവിടെ കുമ്പളങ്ങിക്കാഴ്‌ചയാവുന്നുണ്ട്‌. ശ്യം പുഷ്‌കരന്റെ തിരക്കഥ. ആദ്യ രംഗത്തിന്‌ ശേഷം സിനിമ കുമ്പളങ്ങിയിലെത്തുകയാണ്‌, കൂടെ നമ്മളും. പിന്നീട്‌ വരുന്ന ഒരു രംഗങ്ങളിലും സംവിധായകന്‌ വിശദീകരണങ്ങള്‍ നല്‍കേണ്ട ആവശ്യമേ വരുന്നില്ല. സജിയേയും ബേബിയേയും ബോണിയേയും ഫ്രാങ്കിയേയും പരിചയപ്പെടുത്തലുകള്‍ ആവശ്യമല്ലെന്ന്‌ സംവിധായകന്‌ നന്നായറിയമായിരുന്നു. അത്രയും സത്യസന്ധമായ കഥാപാത്ര സൃഷ്ടികളാണ്‌ ഓരോന്നും.

ലളിതമായ കഥാതന്തുവില്‍ നിന്നും ജീവിതത്തിന്റെ സുഖദുഖ സമ്മിശ്ര ഭാവങ്ങളെ ഇതാദ്യമായല്ല ശ്യാം പുഷ്‌കരന്‍ തിരക്കഥയാക്കി രൂപപ്പെടുത്തുന്നത്‌. സാള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ മുതല്‍ മായാനദി വരെയുള്ള ശ്യാം പുഷ്‌കരന്റെ തിരക്കഥകളിലെവിടെയും ആവര്‍ത്തനമേയില്ല. എങ്ങനെയാണ്‌ ഒരു മനുഷ്യന്‌ സാധാരണ ജീവിതങ്ങളെ ഇത്രയും സത്യസന്ധമായി എഴുതാന്‍ കഴിയുന്നത്‌ എന്ന്‌ സിനിമ കണ്ടവര്‍ പരസ്‌പരം ചോദിക്കുന്നു. ആ തിരക്കഥ മനോഹരമായ സിനിമയാക്കി മാറ്റിയ മധു.സി. നാരായണന്‍ തന്റെ ആദ്യ സിനിമയാണിതെന്ന്‌ പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ്‌. ഷൈജു ഖാലിദിന്റെ കഥ പറയുന്ന ക്യാമറാക്കണ്ണുകളും സുഷിന്‍ ശ്യാമിന്റെ സംഗീതവും കുമ്പളങ്ങിയിലെ രാത്രികളുടെയും പകലുകളുടെയും സൗന്ദര്യത്തിന്‌ മാറ്റ്‌ കൂട്ടുന്നു.

സൗബിന്‍ ഷാഹിര്‍ എന്ന നടന്‍ തന്‍രെ ഏറ്റവും മികച്ച പ്രകടനമാണ്‌ കുമ്പളങ്ങിയില്‍ നടത്തിയിരിക്കുന്നത്‌. ഒരു നടന്‍ എന്ന നിലയില്‍ സൗബിന്റെ വളര്‍ച്ച പെട്ടെന്നായിരുന്നു. കഥാപാത്രത്തോട്‌ അത്രമേല്‍ നീതി പുലര്‍ത്തിയിട്ടുണ്ട്‌ സൗബിന്‍. ഈ നടനെ മലയാള സിനിമക്ക്‌ ഇനി അത്ര പെട്ടെന്നൊന്നും ഒഴിവാക്കാന്‍ കഴിയില്ല.

Top