തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയില്‍ ബിജെപി നടത്തുന്ന പ്രക്ഷോഭം പോരെന്ന് ബിജെപി ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ അമിത് ഷാ ഇടപെട്ടിരുന്നു. ഇതിന് പിന്നാലെ കുമ്മനം രാജശേഖരനെ തിരികെ കേരളത്തിലെത്തിക്കാന്‍ നീക്കം. ബിജെപിക്കും സംഘപരിവാറിനും സമരത്തെ നയിക്കാന്‍ നല്ലൊരു നേതാവിന്റെ കുറവുണ്ടെന്നാണ് വിലയിരുത്തല്‍.
ഇതിന്റെ അടിസ്ഥാനത്തിലാണ് കുമ്മനത്തെ എത്തിക്കുന്നതെന്നാണ് സൂചന. കുമ്മനം എത്തുന്നതോടെ സമരം ശക്തിപ്പെടുമെന്നും അത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്നുമാണ് അമിത് ഷായുടെ വിലയിരുത്തല്‍. അതേസമയം സംസ്ഥാന സമിതിയിലെ നേതാക്കളും അദ്ദേഹത്തെ തിരികെയെത്തിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതും കൂടി പരിഗണിച്ചാണ് തീരുമാനം.
കുമ്മനത്തെ മടക്കികൊണ്ടുവരുന്നു
നേരത്തെ പറഞ്ഞു കേട്ടിരുന്നു കുമ്മനം രാജശേഖരനെ മടക്കികൊണ്ടുവരുന്നു എന്ന്. ഇക്കാര്യത്തില്‍ ദേശീയ നേതൃത്വം അന്തിമമായി തീരുമാനമെടുത്തിരിക്കുകയാണ്. നിലവില്‍ മിസോറാം ഗവര്‍ണറാണ് കുമ്മനം. ഇതിനുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കുമ്മനം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിക്ക് ഗുണകരമാകുമെന്നാണ് അമിത് ഷായുടെ വിലയിരുത്തല്‍.
ശബരിമല ആളിക്കത്തിക്കും
ശബരിമല വിഷയം ആളിക്കത്തിക്കാനാണ് അമിത് ഷാ നേരത്തെ തന്നെ സംസ്ഥാന ഘടകത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിന് കരുത്ത് പകരാനാണ് കുമ്മനത്തെ തിരികെയെത്തിക്കുന്നത്. ബിജെപിയിലെ ഒരു വിഭാഗം ന നേതാക്കളും സംഘപരിവാര്‍ സംഘടനകളും ഇക്കാര്യം കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കാലാവധി കഴിയുന്നത് വരെ കുമ്മനം ഗവര്‍ണറായി തുടരട്ടെയെന്നായിരുന്നു കേന്ദ്ര നേതൃത്വം നേരത്തെ നിലപാട് എടുത്തിരുന്നത്.
സംസ്ഥാന തിരഞ്ഞെടുപ്പ് ശേഷം
മിസോറാമില്‍ നവംബര്‍ 28ന് തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഡിസംബര്‍ 11ന് വോട്ടെണ്ണല്‍ കഴിഞ്ഞ ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ. ജനുവരിയില്‍ കുമ്മനത്തെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കായി അയക്കാനാണ് ആലോചനകള്‍ നടക്കുന്നത്. ശബരിമല വിഷയത്തില്‍ ആര്‍എസ്എസിനും ബിജെപിക്കും കാര്യമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ലെന്ന വിലയിരുത്തലിലാണ് അമിത് ഷാ. സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയും വലിയ ജനപിന്തുണ ലഭിക്കുകയും ചെയ്തതിന് ശേഷമാണ് ബിജെപി പ്രതിഷേധ സമരങ്ങളുമായി എത്തിയത്. ഇത് വൈകിപ്പോയെന്നും വിലയിരുത്തലുണ്ട്.
കുമ്മനം വന്നാല്‍ ശരിയാകുമോ?
സംസ്ഥാനത്തെ ഹൈന്ദവ സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് കുമ്മനം രാജശേഖരന്‍. എന്നാല്‍ ഇപ്പോള്‍ നേതൃനിരയിലുള്ള ഒരാള്‍ പോലും കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ് സൂചന. കുമ്മനം കേരളത്തിലുണ്ടായിരുന്നെങ്കില്‍ പാര്‍ട്ടിക്ക് അനുകൂലമായി കാര്യങ്ങളെത്തുമായിരുന്നുവെന്ന് സംഘപരിവാര്‍ സംഘടനകള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് അയ്യപ്പേസവാ സമാജത്തിന്റെ വാര്‍ഷിക യോഗത്തില്‍ അദ്ദേഹം പങ്കെടുത്തതും ഇവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ആര്‍എസ്എസിന്റെ ഇടപെടല്‍
ദേശീയ നേതൃത്വത്തിന്റെ എതിര്‍പ്പ് കാര്യമാക്കേണ്ടെന്നാണ് മോഹന്‍ ഭാഗവത് സംസ്ഥാനത്തെ ആര്‍എസ്എസ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത്. അമിത് ഷായെയും നേതാക്കള്‍ കണ്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതിഷേധം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയത്. കുമ്മനം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിക്കും ഹൈന്ദവ സംഘടനകള്‍ക്കും ഊര്‍ജം പകരുമന്നാണ് പ്രതിനിധികള്‍ കേന്ദ്ര നേതാക്കളെ അറിയിച്ചത്. അതേസമയം കേരളത്തില്‍ പ്രവര്‍ത്തിക്കാനാണ് കുമ്മനത്തിനും താല്‍പര്യം. ഇക്കാര്യം സംസ്ഥാനത്തെ അടുപ്പമുള്ള നേതാക്കളെ അദ്ദേഹം അറിയിച്ചിട്ടുണ്ട്.