• Friday, November 29, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

സ്‌ഥാനാര്‍ത്ഥിയായി കുമ്മനം; അനന്തപുരിയില്‍ അരങ്ങൊരുങ്ങുന്നത്‌ തകര്‍പ്പന്‍ പോരിന്‌

ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച കുമ്മനം രാജശേഖരന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്തേക്ക്‌ വണ്ടികയറിയതോടെ ശക്തമായ ത്രികോണ മത്സരത്തിനാണ്‌ ഇവിടെ കളമൊരുങ്ങുന്നത്‌.


മണ്ഡലം എങ്ങനെയും നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനായി ശശി തരൂര്‍ തന്നെ എത്തുമ്പോള്‍ മണ്ഡലം പിടിച്ചെടുക്കാന്‍ ഇടത്‌ മുന്നണിയുടെ മുന്‍ മന്ത്രി സി ദിവാകരന്‍ അങ്കത്തട്ടില്‍ നിലയുറപ്പിച്ചുകഴിഞ്ഞു. എന്‍ഡിഎ കുമ്മനം രാജശേഖരനെ തന്നെ കളത്തിലിറക്കിയതോടെയാണ്‌ അനന്തപുരിയില്‍ അങ്കം കനക്കുമെന്നുറപ്പായത്‌.

ഭരണഘടനാ പദവിയില്‍ നിന്നും മടങ്ങിയെത്തി മത്സരിക്കുകയെന്ന അപൂര്‍വതയുള്ളതിനാല്‍ തന്നെ കുമ്മനം രാജശേഖരന്‍ മത്സരിക്കുന്ന തിരുവനന്തപുരം മണ്ഡലം ദേശീയ തലത്തില്‍ തന്ന ശ്രദ്ധേയാകര്‍ഷിക്കുകയാണ്‌. ഗവര്‍ണര്‍ പദവി ഒഴിഞ്ഞ്‌ സജീവ രാഷ്ടീയത്തിലേക്ക്‌ തിരിച്ചെത്തുന്ന കുമ്മനം രാജശേഖരന്റെ പ്രഥമദൗത്യം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത്‌ ബിജെപിക്ക്‌ അക്കൗണ്ട്‌ തുറക്കലായിരിക്കും. കേരളത്തില്‍ ബിജെപി ഏറ്റവുമധികം പ്രതീക്ഷവെയ്‌ക്കുന്ന തിരുവനന്തപുരത്ത്‌ കുമ്മനം രാജശേഖരന്റെ വരവ്‌ പാര്‍ട്ടിക്ക്‌ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുമുണ്ട്‌.

കുമ്മനത്തിന്റെ വരവോടെ പോരാട്ടം കടുക്കുമെങ്കിലും അന്തിമ വിജയം തനിക്ക തന്നെയാണെന്നാണ്‌ ഇതേപ്പറ്റി ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സി ദിവാകരന്റെ പ്രതികരണം. 2014 ലോക്‌ സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത്‌ രണ്ടാമതെത്തിയ ചരിത്രമുണ്ട്‌ ബിജെപിക്ക്‌ .
ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇത്തവണ വോട്ട്‌ കൂട്ടുമെന്നാണ്‌ ബിജെപി യുടെ കണക്കു കൂട്ടല്‍. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിഎന്‍ സീമയെ പിന്തള്ളി വട്ടിയൂര്‍ക്കാവില്‍ രണ്ടാമനായ കുമ്മനത്തിന്‌ മണ്ഡലത്തില്‍ ഉള്ളത്‌ ശക്തമായ ബന്ധങ്ങളാണെന്നതും നിര്‍ണായകമാണ്‌. മൂന്നാം അങ്കത്തിന്‌ ശശി തരൂരും, പേയ്‌മെന്റ്‌ വിവാദത്തിന്റെ കറകളഞ്ഞ്‌ മണ്ഡലം പിടിക്കാന്‍ സി ദിവാകരനിലൂടെ സിപിഐയും ശ്രമിക്കുമ്പോള്‍ തിരുവനന്തപുരത്ത്‌ പോരാട്ടം പ്രവചനാതീതമാകും
 

Top