• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

പ്രചാരണത്തിനിടെ തൊട്ടുനോക്കിയ, യുവാവിന്റെ കരണത്തടിച്ച്‌ ഖുശ്‌ബു

തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ ശരീരത്തില്‍ കയറിപ്പിടിച്ചയാളുടെ കരണത്തടിച്ച്‌ തെന്നിന്ത്യന്‍ താരറാണിയും കോണ്‍ഗ്രസ്‌ നേതാവുമായ ഖുശ്‌ബു വൈറലായി. കരണത്തടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ ഓടിനടക്കുകയാണത്രേ ഇപ്പോള്‍.

നിരവധിയാളുകളാണ്‌ ബെംഗളൂരുവില്‍ ഖുശ്‌ബു പങ്കെടുത്ത തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിനെത്തിയത്‌. തിരക്കിനിടയില്‍ ഒരാള്‍ ഖുശ്‌ബുവിനെ കയറിപ്പിടിക്കുകയായിരുന്നു. ഉടന്‍ തന്നെ താരം തിരിഞ്ഞ്‌ നിന്ന്‌ അയാളുടെ മുഖത്ത്‌ ആഞ്ഞടിച്ചു. നിമിഷങ്ങള്‍ക്കകമാണ്‌ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്‌.

ബെംഗളൂരു സെന്‍ട്രലിലെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി റിസ്വാന്‍ അര്‍ഷാദിന്റെ തിരഞ്ഞെടുപ്പ്‌ പ്രചാരണ റാലിയില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു ഖുശ്‌ബു. ആള്‍ക്കൂട്ടത്തിനിടയിലൂടെ കടന്നു പോകുന്നതിനിടെയാണ്‌ നടിക്ക്‌ നേരെ മോശം പെരുമാറ്റം ഉണ്ടായത്‌. മടങ്ങുമ്പോള്‍ പ്രചാരണ റാലിയില്‍ പ്രസംഗിച്ച ശേഷം ജനക്കൂട്ടത്തെ കൈവീശിക്കാണിച്ച്‌ തിരക്കിനിടയിലൂടെ ഖുശ്‌ബു മടങ്ങുകയായിരുന്നു.

ഇതിനിടെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ദുരുദ്ദേശത്തോടെ ഒരാള്‍ ഖുശ്‌ബുവിന്റെ ശരീരത്തില്‍ സ്‌പര്‍ശിച്ചു. അടുത്ത നിമിഷം തന്നെ ഖുശ്‌ബു തിരിഞ്ഞു നിന്ന്‌ ഇയാളുടെ മുഖത്ത്‌ രണ്ട്‌ തവണ ആഞ്ഞടിക്കുകയായിരുന്നു. ശാന്തിനഗര്‍ എംഎല്‍എ എന്‍എ ഹാരിസ്‌, സൗത്ത്‌ സെന്‍ട്രല്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി റിസ്വാന്‍ അര്‍ഷദ്‌ എന്നിവരും സംഭവ സമയം ഖുശ്‌ബുവിനൊപ്പമുണ്ടായിരുന്നു.

പിന്നിലൂടെ വന്ന ഇയാള്‍ രണ്ട്‌ തവണ തന്നെ സ്‌പര്‍ശിക്കുകയായിരുന്നുവെന്ന്‌ ഖുശ്‌ബു പറയുന്നു. അടി കിട്ടിയതോടെ ആള്‍ക്കൂട്ടത്തിനിടയിലേക്ക്‌ ഓടിക്കയറാന്‍ ഇയാള്‍ ശ്രമം നടത്തി. എന്നാല്‍ പോലീസ്‌ ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു.

മോശമായി പെരുമാറിയ യുവാവിന്‌ തക്ക മറുപടി നല്‍കിയ ഖുശ്‌ബുവിന്‌ സോഷ്യല്‍ മീഡിയയില്‍ അഭിനന്ദ പ്രവാഹമാണ്‌. ബോള്‍ഡ്‌ ആന്റ്‌ ബ്യൂട്ടിഫുള്‍ എന്ന്‌ ഒരിക്കല്‍ കൂടി തെളിയിച്ചുവെന്നാണ്‌ സോഷ്യല്‍ മീഡിയ പറയുന്നത്‌. മോശമായ പെരുമാറ്റങ്ങള്‍ ഉണ്ടായാല്‍ ഖുശ്‌ബുവിനെ പോലെ പ്രതികരിക്കണമെന്നാണ്‌ ഭൂരിഭാഗത്തിന്റെയും അഭിപ്രായം.

സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഇതിനും മുമ്പും ശക്തമായ പ്രതികരണങ്ങള്‍ നടത്തിയിട്ടുള്ള നടിയാണ്‌ ഖുശ്‌ബു. ഇന്ത്യയിലെ മീടു ക്യാംപെയിനിന്‌ പിന്തുണയുമായി എത്തിയ നേതാക്കളില്‍ മുന്‍പന്തിയില്‍ ഖുശ്‌ബു ഉണ്ടായിരുന്നു. കേന്ദ്രമന്ത്രി എംജെ അക്‌ബറിനെതിരെ ആരോപണം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തക പ്രിയാ രമണിയെ പിന്തുണച്ച്‌ ഖുശ്‌ബു രംഗത്തെത്തിയിരുന്നു. 2014ല്‍ 2014ല്‍ തെന്നിന്ത്യയിലെ താരറാണിയായിരുന്നു ഖുശ്‌ബു 2014ലാണ്‌ കോണ്‍ഗ്രസില്‍ ചേരുന്നത്‌. എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ഒരുമിച്ച്‌ കൊണ്ടുപോകാന്‍ കഴിയുന്ന ഒരേയൊരു പാര്‍ട്ടിയായതിനാലാണ്‌ കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നാണ്‌ പാര്‍ട്ടി പ്രവേശനത്തെ കുറിച്ച്‌ ഖുശ്‌ബു പ്രതികരിച്ചത്‌.

Top