കുവൈത്തും സൗദിയും ഉള്‍പ്പെടെ ഗള്‍ഫ് മേഖല ചുട്ടുപൊള്ളുന്നു. മിക്ക രാജ്യങ്ങളിലും അസഹനീയമാംവിധം താപനില ഉയര്‍ന്നു. ചൂടുമൂലം കുവൈത്തില്‍ ഒരാള്‍ മരിച്ചു. കുവൈത്തില്‍ മലയാളികള്‍ നരകയാതന അനുഭവിക്കുകയാണ്.
ഏറ്റവും വലിയ ചൂടാണ് കുവൈത്തിലും സൗദിയിലും രേഖപ്പെടുത്തുന്നത്. കുവൈത്തില്‍ കഴിഞ്ഞ ശനിയാഴ്‌ച രേഖപ്പെടുത്തിയത് ലോകത്തെ ഏറ്റവും വലിയ ചൂട് 52.2 ഡിഗ്രി സെല്‍ഷ്യസ്. ഉച്ചയ്‌ക്ക് താപനില 63 ഡിഗ്രി വരെ എത്തി. രണ്ടാം സ്ഥാനത്ത് ഇറാഖിലെ ബസ്രയാണ്. 49.6 ഡിഗ്രി സെല്‍ഷ്യസായിരുന്നു ബസ്രയിലെ ശരാശരി താപനില. അതേ ദിവസം ഉച്ചസമയം സൗദിയിലെ മജ്‌മയില്‍ 55 ഡിഗ്രി ചൂട് രേഖപ്പെടുത്തി.
യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളില്‍ കൊടുംചൂടാണ് അനുഭവപ്പെടുന്നത്. ഉയര്‍ന്ന താപനിലയോടൊപ്പം പലപ്പോഴും ഈര്‍പ്പം വര്‍ധിക്കുന്നത് യാത്രകളും പുറത്തെ ജോലികളും അസഹ്യമാക്കുന്നു.
വേനലില്‍ സാധാരണ ഉണ്ടാകാറുള്ള താപതരംഗം ഇത്തവണ നേരത്തെ എത്തി. സാധാരണ താപതരംഗം ജൂണ്‍ 21 ന് ശേഷമാണ് ഉണ്ടാകാറ്.കുവൈത്ത് ഉള്‍പ്പെടെ ഗള്‍ഫില്‍ വരുംദിവസങ്ങളിലും താപനില ഉയര്‍ന്നുനില്‍ക്കുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.