• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

കുവൈറ്റില്‍ വിസ പുതുക്കല്‍ ഇനി എളുപ്പമാകും; ഓണ്‍ലൈന്‍ നടപടിക്രമങ്ങള്‍ ഇങ്ങനെ

കുവൈറ്റില്‍ ഇനി വിസ പുതുക്കല്‍ ഏറെ വൈകാതെ ഓണ്‍ലൈന്‍ വഴിയാകും. ഇതിന്റെ ആദ്യ പടിയായി സ്വദേശികള്‍ സ്പോണ്‍സര്‍മാരായ ഗാര്‍ഹിക തൊഴിലാളികളുടെ വിസ പുതുക്കല്‍ നടപടി സെപ്തംബര് മാസം മുതല്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ആരംഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ച്‌ പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 2019 ജനുവരി മാസം മുതല്‍ മറ്റുള്ളവര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ പാകത്തിലാണ് ആഭ്യന്തര മന്ത്രാലയം തീരുമാനം കൈക്കൊള്ളുന്നത്.

ഇതിനാവശ്യമായ തയ്യാറെടുപ്പുകള്‍ ആഭ്യന്തര മന്ത്രാലയം പൂര്‍ത്തിയാക്കിയതായും അറിയുന്നു. അപേക്ഷകര്‍ക്ക് ആവശ്യമായ രേഖകള്‍ മന്ത്രാലയത്തിറ്റിന്റെ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്‌താല്‍ മതിയാകും. ഇങ്ങനെ അപ്‌ലോഡ് ചെയ്യുന്ന രേഖകളുടെ ആധികാരികത ആഭ്യന്തര മന്ത്രാലയം വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി 
ലിങ്ക് ചെയ്തു പരിശോധിക്കും.

അപേക്ഷകള്‍ മന്ത്രാലയം സ്വീകരിച്ചു കഴിഞ്ഞാല്‍ വിസ പുതുക്കുന്ന ഓഫീസില്‍ നേരിട്ട് ഹാജരായി പാസ്പ്പോര്‍ട്ടില്‍ പുതുക്കിയ വിസ സ്റ്റാമ്ബ് ചെയ്യാവുന്നതാണ്. ഇതിനിനാവശ്യമായ ഫീസ് ഓണ്‍ലൈനായോ നേരിട്ടോ
നല്‍കാവുന്നതുമാണ്.

ജൂണ്‍ മാസം മുതല്‍ ലൈസന്‍സ് പുതുക്കലും ഓണ്‍ലൈന്‍ വഴിയാക്കാനുള്ള നടപടിക്രമങ്ങളും
മന്ത്രാലയം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഈ സംവിധാനം നടപ്പിലാക്കുക വഴി ഏറെ സമയവും സൗകര്യവും ലാഭിക്കാന്‍
കഴിയുമെന്നും, ഈ തീരുമാനം പ്രവാസികള്‍ക്ക് ഗുണം ചെയ്യുമെന്നുമാണ് കരുതുന്നത്. 2022 ഓട് കൂടി എല്ലാ സര്‍ക്കാര്‍ ഇടപാടുകളും ഓണ്‍ലൈന്‍ വഴിയാക്കാനാണ് കുവൈറ്റ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Top