ദൈവശാസ്‌ത്ര പണ്ഡിതനും ഗ്രന്ഥകാരനും മാര്‍ത്തോമ വൈദിക സെമിനാരി മുന്‍ പ്രിന്‍സിപ്പലും മാര്‍ത്തോമ സഭ മുന്‍ സെക്രട്ടറിയുമായ റവ.ഡോ.കെ.വി മാത്യു നവതിയുടെ നിറവില്‍.
വടവാതൂരിലെ കുഴുവേലില്‍ വീട്ടില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു തൊണ്ണൂറാം ജന്മദിന ആഘോഷം.1960 മുതല്‍ 1996 വരെ വിവിധ സെമിനാരികളില്‍ അധ്യാപകനായും തുടര്‍ന്ന് വിസിറ്റിംഗ് പ്രൊഫസറായും സേവനമനുഷ്‌ഠിച്ചു. പഴയ നിയമത്തില്‍ ഇന്ത്യയില്‍ ആദ്യമായി ബിരുദാനന്തരബിരുദം (ബംഗാളിലെ സെറാംപൂര്‍ സര്‍വകലാശാല) നേടിയ ഇദ്ദേഹം പരക്കത്താനം സെന്റ് തോമസ് മാര്‍ത്തോമാ ഇവടകാംഗമാണ്.
എബ്രായ, ഗ്രീക്ക്, സുറിയാനി, അരാമ്യ, ജര്‍മന്‍ ഭാഷകളിലും പ്രാവീണ്യം ഉണ്ട്. 1970ല്‍ സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോ സര്‍വകലാശാലയില്‍ നിന്ന് ദൈവശാസ്‌ത്രത്തില്‍ പിഎച്ച്‌ഡി നേടി. മല്ലപ്പള്ളി കീഴ്‌വായ്‌പൂരില്‍ 1931 നവംബര്‍ 2 ന് ജനനം. 24ാം വയസ്സില്‍ റൈറ്റ്.റവ.ഡോ.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പൊലീത്തയില്‍ നിന്ന് ശെമ്മാശ പട്ടവും ഡോ.യൂഹാനോന്‍ മാര്‍ത്തോമ്മ മെത്രാപ്പോലീത്തയില്‍നിന്ന് വൈദികപട്ടം സ്വീകരിച്ചു. ഹരിയാനയിലെ മാര്‍ത്തോമ സെമിനാരിയായ ധര്‍മ്മ ജ്യോതി വിദ്യാപീഠിന്റെ ആദ്യത്തെ പ്രിന്‍സിപ്പലും മലയാള ബൈബിളിനെ ആധുനിക വിവര്‍ത്തനം, ബൈബിള്‍ വിജ്ഞാനകോശം, വേദപുസ്‌തക ഭാഷ്യം എന്നീ പുസ്‌തകങ്ങളുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗവും ആയിരുന്നു.
യെശയ്യ പ്രവചനത്തിന്‍െറ വ്യാഖ്യാനം, മതാതീതനായ യേശു, ഫ്രം നസ്രത്ത് ടു നിഖ്യാ, ജീസസ് ദ് ക്രൈസ്റ്റ് തുടങ്ങിയ പുസ്‌തകങ്ങള്‍ രചിച്ചു. രാജ്യാന്തര സമാധാന സമിതിയുടെ (ഐ എഫ് ഒ ആര്‍) ഇന്ത്യ സെക്രട്ടറിയും ഏഷ്യന്‍ പ്രതിനിധിയും ആയിരുന്നു.
മാര്‍ത്തോമാ സുവിശേഷ സേവികാ സംഘം മുന്‍ ജനറല്‍ സെക്രട്ടറിയും ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഓഫ് ക്രിസ്‌ത്യന്‍ വുമണ്‍ മുന്‍ അധ്യക്ഷയുമായ റേച്ചല്‍ മാത്യുവാണ് ഭാര്യ. ജീവ് മാത്യു, ഫിലിപ്പ് മാത്യു എന്നിവര്‍ മക്കളാണ്