24 നു നടത്തുന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി മത്സരിക്കും.
നിയമസഭയിലെ അംഗബലം കണക്കിലെടുക്കുമ്പോള്‍ എല്‍ഡിഎഫിന് അനായാസജയം ഉറപ്പാണെങ്കിലും ഭരണപക്ഷ നോമിനി എതിരില്ലാതെ തിരഞ്ഞടുക്കപ്പെടുന്നത് ഒഴിവാക്കണമെന്നു മുന്നണി നേതൃത്വം തീരുമാനിക്കുകയായിരുന്നു.
കിസാന്‍ കോണ്‍ഗ്രസ് ദേശീയ കോ ഓര്‍ഡിനേറ്റര്‍ കൂടിയായ ലാല്‍ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു ഹോര്‍ട്ടികോര്‍പ് ചെയര്‍മാനായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവ് ടി.കെ.വര്‍ഗീസ് വൈദ്യന്റെ മകനാണ്.
വോട്ടെടുപ്പ് ഉറപ്പായതോടെ, യുഡിഎഫ് വിട്ടുനില്‍ക്കുന്ന കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം എംഎല്‍എമാരായ എന്‍.ജയരാജും റോഷി അഗസ്റ്റിനും തിരഞ്ഞെടുപ്പില്‍ സ്വീകരിക്കാന്‍ പോകുന്ന നിലപാട് ചര്‍ച്ചയാകും. മുന്നണി നേതൃത്വവും നിയമസഭയിലെ കക്ഷിനേതാവ് പി.ജെ.ജോസഫും നല്‍കുന്ന വിപ്പ് അനുസരിച്ച് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ഇവര്‍ വോട്ടു ചെയ്യേണ്ടി വരുമെന്നാണു മുന്നണിയുടെ വാദം. എന്നാല്‍ പാര്‍ട്ടിയിലെ പിളര്‍പ്പില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീര്‍പ്പ് പറയാത്ത സാഹചര്യത്തില്‍ വിപ് ബാധകമാകില്ലെന്ന വിശ്വാസത്തിലാണു ജോസ് പക്ഷം.