ജലന്തറില്‍ വൈദികനില്‍ നിന്ന് പിടിച്ചെടുത്ത പണം അമേരിക്കയിലുള്ള കാമുകിക്കു കൈമാറിയെന്ന് പിടിയിലായ എഎസ്‌ഐയുടെ മൊഴി. തട്ടിയെടുത്ത പണത്തില്‍ നാലുകോടി രൂപ അമേരിക്കയിലുള്ള കാമുകിക്കും ഒന്നേമുക്കാല്‍ കോടി പാരിസിലുള്ള സുഹൃത്തിനും നല്‍കിയെന്ന് അറസ്റ്റിലായ എഎസ്‌ഐ രാജ്‌പ്രീത് സിങ് മൊഴി നല്‍കിയത്. നേപ്പാളില്‍ നിന്നാണ് പണം അയച്ചത്. തട്ടിപ്പിനു കൂട്ടുനിന്ന മൂന്നാമനെയും പൊലീസ് അറസ്റ്റു ചെയ്‌തിട്ടുണ്ട്.
പഞ്ചാബിലെ ലുധിയാനയില്‍ വാഹന പരിശോധനയ്‌ക്കിടെ പിടികൂടിയ കോടിക്കണക്കിനു രൂപ രേഖകളില്‍ ഉള്‍പ്പെടുത്താതെ കൈവശപ്പെടുത്തിയതിന് രണ്ട് എഎസ്‌ഐമാരെ ഇന്നലെയാണ് കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്‌തത്. പഞ്ചാബിലെ ലുധിയാനയില്‍ വാഹന പരിശോധനയ്‌ക്കിടെ പിടികൂടിയ കോടിക്കണക്കിനു രൂപ രേഖകളില്‍ ഉള്‍പ്പെടുത്താതെ കൈവശപ്പെടുത്തിയതിനായിരുന്നു അറസ്റ്റ്.
ജലന്തര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്‌ക്കലിന്റെ കീഴില്‍ സേവനം ചെയ്യുന്ന മലയാളി വൈദികര്‍ സഞ്ചരിച്ച വാഹനത്തില്‍നിന്നു പഞ്ചാബ് പൊലീസ് പിടിച്ചെടുത്ത തുകയില്‍ ആറ് കോടി രൂപ നഷ്ടപ്പെട്ടതായി വൈദികര്‍ പരാതി നല്‍കിയിരുന്നു. സമാന പരാതികളെത്തുടര്‍ന്നു പഞ്ചാബ് പൊലീസ് മേലധികാരികള്‍ നടത്തിയ അന്വേഷണത്തിലാണ് പട്യാല സ്വദേശികളായ ജോഗീന്ദര്‍ സിങ്, രാജ്‌പ്രീത് സിങ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്‌തത്.
അസ്വാഭാവികമായ സാഹചര്യത്തില്‍ 2 പേര്‍ വ്യാജപ്പേരും രേഖകളും നല്‍കി ഹോട്ടലില്‍ തങ്ങുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്നാണ് സിറ്റി പൊലീസ് ഫോര്‍ട്ട്‌കൊച്ചിയിലെ ഹോട്ടല്‍ പരിശോധിച്ച് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. പഞ്ചാബ് പൊലീസിനു വിവരം കൈമാറിയപ്പോള്‍, അന്വേഷണത്തെ തുടര്‍ന്ന് ഇവര്‍ ഒളിവിലാണെന്ന സന്ദേശം ലഭിച്ചു. തുടര്‍ന്നു കസ്റ്റഡിയിലുള്ള ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ അയച്ചാണ് പേരും വിലാസവും സ്ഥിരീകരിച്ചത്.