• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

ചാക്കോ ശങ്കരത്തിലിന്റെ ഓര്‍മ്മകള്‍ തുടിച്ച ലാന സമ്മേളനം

ഫിലഡല്‍ഫിയ: ആദ്യകാല മാസിക "രജനി'യുടെ പത്രാധിപര്‍ ചാക്കോ ശങ്കരത്തിലിന്റെ ഓര്‍മ്മകള്‍ക്ക് നമോവാകമര്‍പ്പിച്ച ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ലാന) സമ്മേളനം ആരംഭിച്ചു. 

സീറോ മലബാര്‍ ചര്‍ച്ച് ഹാളില്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ സാഹിത്യകാരന്മാര്‍ ഒത്തുകൂടിയപ്പോള്‍ എഴുത്തിന്റെ ലോകം അമേരിക്കയില്‍ സജീവമാണെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമായി. സാഹിത്യകാരന്‍ ജോയന്‍ കുമരകം സമ്മേളനം ഉദ്ഘാടനം ചെയ്തു. ലാന പ്രസിഡന്റ് ജോണ്‍ മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോസന്‍ ജോര്‍ജ് സ്വാഗതമാശംസിച്ചു. സംഘാടകരായ ജോര്‍ജ് നടവയല്‍, അശോകന്‍ വേങ്ങശേരി എന്നിവര്‍ നേതൃത്വം നല്‍കി. ഐശ്വര്യ ബിജു, ഷീല മോന്‍സ് മുരിക്കന്‍ എന്നിവരായിരുന്നു എം.സിമാര്‍. 

പതിനാറ് വര്‍ഷംമുമ്പ് അന്തരിച്ച ലാനയുടെ ശില്‍പികൂടിയായ ചാക്കോ ശങ്കരത്തില്‍ അനുസ്മരണമായി തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ ജനനി പത്രാധിപര്‍ ജെ മാത്യൂസ് അനുസ്മരണ പ്രഭാഷണം നടത്തി. 

മുപ്പത്തൊന്നു വര്‍ഷം മുമ്പാണ് ചാക്കോ ശങ്കരത്തില്‍ രജനിക്ക് രൂപംകൊടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഒരു വ്യാഴവട്ടം അതു തുടര്‍ന്നു. സാമ്പത്തികം അടക്കമുള്ള വിഷമതകള്‍ ഉണ്ടായിട്ടും അതൊരു അതൊരു തപസ്യ  പോലെ അദ്ദേഹം മുമ്പോട്ട് കൊണ്ടുപോയി. അമ്മ മലയാളം, പൊക്കിള്‍കൊടി ബന്ധം എന്നൊക്കെ നാം പറയുമെങ്കിലും 15 ഡോളര്‍ വരിസംഖ്യ കൊടുത്ത് അതിന്റെ വരിക്കാരാകാന്‍ മലയാളികള്‍ മറന്നു. 

1999-ല്‍ താന്‍ ജനനി മാസിക തുടങ്ങിയപ്പോള്‍ അതിനെ അദ്ദേഹം സ്വാഗതം ചെയ്യുക മാത്രമല്ല, 150 ഡോളറിന്റെ നോട്ടുകള്‍ മെയിലില്‍ അയച്ചുതരിക കൂടി ചെയ്തു. 

ആദ്യകാലത്ത് എഴുതിയ കഥകളിലൊന്നു രജനിയിലാണ് പ്രസിദ്ധീകരിച്ചതെന്നു നോവലിസ്റ്റ് നീന പനയ്ക്കല്‍ പറഞ്ഞു. പ്രസിദ്ധീകരിക്കുക മാത്രമല്ല ഒരു സമ്മാനവും തന്നു. അദ്ദേഹം നല്‍കിയ പ്രോത്സാഹനം എഴുത്തിനു പ്രചോദനമായി. 

അമേരിക്കയില്‍ ഒരേ വര്‍ഷമാണ് എത്തിയതെന്നു ഫോമാ മുന്‍ ട്രഷറര്‍ വര്‍ഗീസ് ഫിലിപ്പ് പറഞ്ഞു. 1983-ല്‍.  തുടര്‍ന്നു സംഘടനകളിലും മറ്റും ഒരുമിച്ച് പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ നോവല്‍ ലക്ഷ്ണരേഖയുടെ ആദ്യപ്രതി തിരുത്താന്‍ തന്നെ ഏല്‍പിക്കുകയും ചെയ്തു. 

പ്രതിഫലമില്ലാതെ പ്രസിദ്ധീകരണം നടത്തി കുടുംബത്തില്‍ നിന്നു പരാതികള്‍ കേട്ടുവെങ്കിലും നിറഞ്ഞ സ്‌നേഹത്തിന്റെ പ്രതീകമായിരുന്നു ചാക്കോ ശങ്കരത്തിലെന്നു ഡോ. ജയിംസ് കുറിച്ചി അനുസ്മരിച്ചു. സ്‌നേഹം ഒരിക്കലും മരിക്കില്ല. 

ജോഷി കുര്യാക്കോസ്, സുധാ കര്‍ത്താ, അനു സ്കറിയ, അലക്‌സ് തോമസ്, തോമസ് പോള്‍ തുടങ്ങിയവരും ഓര്‍മ്മകള്‍ പങ്കുവെച്ചു. 

രജനിയില്‍ വാരഫലം കൈകാര്യം ചെയ്തിരുന്നത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് ആയിരുന്നുവെന്ന് ജോര്‍ജ് ഓലിക്കല്‍ അനുസ്മരിച്ചു. ആരാണ് അദ്ദേഹമെന്ന് ഒരിക്കല്‍ ചോദിച്ചപ്പോള്‍ ഞാന്‍ തന്നെ എന്നായിരുന്നു ചാക്കോ ശങ്കരത്തിലിന്റെ മറുപടി. 

ജ്യേഷ്ഠന്റെ ഓര്‍മ്മകളില്‍ ഫോമ മുന്‍ വൈസ് പ്രസിഡന്റായ യോഹന്നാന്‍ ശങ്കരത്തില്‍ തേങ്ങി. പഠനത്തിനു സഹായിക്കുകയും ഇവിടെ കൊണ്ടുവരികയും കുടുംബത്തെ  സഹായിക്കുകയും ചെയ്ത ജ്യേഷ്ഠന്റെ ഓര്‍മ്മകള്‍ അദ്ദേഹം പങ്കുവെച്ചു. 

കേരളത്തില്‍ പത്രപ്രവര്‍ത്തകനായിരുന്ന രാജു ശങ്കരത്തില്‍ രജനിയുടെ തുടക്കം വിവരിച്ചു. 1986-ല്‍ ഇങ്ങനെയൊരു പ്രസിദ്ധീകരണം തുടങ്ങണമെന്ന് പറഞ്ഞ് അദ്ദേഹം തന്റെ അടുത്തെത്തി . താന്‍ അദ്ദേഹത്തെ  തോമസ് അമ്പാട്ടിന്റെ ജനനി മാസികയില്‍ കൊണ്ടുപോയി. ജനനിയില്‍ നിന്നുള്ള പ്രചോദനംകൊണ്ട് രജനി പിറന്നു. മാസികയില്‍ താന്‍ സിനിമാ പംക്തി കൈകാര്യം ചെയ്തിരുന്നു. 

പുറത്ത് സൗമ്യനായിരുന്നുവെങ്കിലും വീട്ടില്‍ മഹാ ദേഷ്യക്കാരനായിരുന്നുവെന്നു പത്‌നി റേച്ചല്‍ ശങ്കരത്തില്‍ പറഞ്ഞു. മറ്റുള്ളവരെ സഹായിക്കാന്‍ അദ്ദേഹം മടിച്ചില്ല. രണ്ടു കാലില്ലാത്ത ഒരാളുടെ കുട്ടിയെ നഴ്‌സിംഗ് പഠിപ്പിച്ചു. ഒരു കത്തോലിക്കാ വൈദീകന്റെ അഭ്യര്‍ത്ഥന പ്രകാരം രണ്ടു കുട്ടികള്‍ക്ക് സഹായമെത്തിച്ചു. അവര്‍ ഓസ്‌ട്രേലിയയില്‍ എന്‍ജിനീയറാണ്. ഏതു സഹായം ചെയ്യാനും  തയാറാണ്. 

പക്ഷെ തങ്ങള്‍ക്ക് സഹായമൊന്നും വേണ്ട. മകള്‍ രജനി ബോസ്റ്റണില്‍. അവര്‍ക്ക് മൂന്നു കുട്ടികള്‍. പുത്രന്‍ ഷാജി ഇവിടെയുണ്ട്. രണ്ടു കുട്ടികള്‍. 

അദ്ദേഹത്തിന്റെ പിന്നില്‍ നിന്നു പ്രവര്‍ത്തിച്ചതല്ലാതെ മുന്നില്‍ വന്നു പ്രവര്‍ത്തിക്കാന്‍ തന്‍ ഒരുങ്ങിയിട്ടില്ല. അദ്ദേഹത്തെ ഓര്‍മ്മിക്കുന്നതില്‍ സന്തോഷമുണ്ട്. 

ലാനാ പ്രസിഡന്റ് ജോണ്‍ മാത്യുവും സംസാരിച്ചു. 

 

 

 

 

Top