നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ തലസ്ഥാനത്തെ ഓട്ടോകള്‍ പലതും 'ചുവപ്പണിഞ്ഞു'. ഇടതുമുന്നണിയുടെ പരസ്യ വാചകമായ 'ഉറപ്പാണ് എല്‍ഡിഎഫ്' എന്ന് ഫ്‌ളക്‌സടിച്ചു പതിപ്പിച്ചതിനൊപ്പം ഓട്ടോകള്‍ ചുവപ്പു ചായവും പൂശിയിരിക്കുകയാണ്. നിറം മാറ്റം നടത്തിയ ഓട്ടോകളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് കേരളത്തില്‍.
കേരള മോട്ടര്‍ വാഹന ചട്ട പ്രകാരം മഞ്ഞയും കറുപ്പു നിറവും മാത്രമാണ് ഓട്ടോകള്‍ക്കും ടാക്‌സിക്കും അനുവദനീയം. സ്വകാര്യ ആവശ്യത്തിനാണെങ്കില്‍ നീല നിറവും ഉപയോഗിക്കാം. ഇലക്ട്രിക് ഓട്ടോകള്‍ക്ക് വെള്ളയും ഇടയില്‍ നീലയും കലര്‍ന്ന നിറവും, കംപ്രസ്‌ഡ് നാച്വറല്‍ ഗ്യാസ് (സിഎന്‍ജി), ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (എല്‍പിജി) എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക് പച്ചയും മഞ്ഞയും, സ്‌ത്രീകള്‍ ഓടിക്കുന്ന ഓട്ടോകള്‍ക്ക് ഇളം നീല നിറവുമാണ് ഉപയോഗിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നത്.
ചെറിയ സ്റ്റിക്കര്‍ പതിച്ചതിന്റെ പേരില്‍ നൂറു കണക്കിന് വാഹനങ്ങള്‍ പിടികൂടി പിഴ ഈടാക്കിയ മോട്ടര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍, തിരഞ്ഞെടുപ്പു പ്രചാരണ സ്റ്റിക്കര്‍ പതിച്ചതിനെതിരെ നടപടിയെടുക്കുന്നില്ലെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ആര്‍ടിഒ ഓഫിസില്‍ പണമടച്ച്, കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളോടെ പരസ്യവാചകം എന്ന തരത്തില്‍ ഓട്ടോകളിലും മറ്റും പോസ്റ്ററുകളും സ്റ്റിക്കറുകളും പതിക്കാന്‍ അനുവദിക്കാറു!ണ്ടെന്നാണ് ഇതിന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.