ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതുമുന്നണി 18 സീറ്റുകള്‍ നേടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍.
തിരഞ്ഞെടുപ്പ് ക്രമീകരിക്കുന്നതില്‍ പാളിച്ചകള്‍ സംഭവിച്ചെങ്കിലും തിരഞ്ഞെടുപ്പ് നല്ലനിലയില്‍ നടത്താന്‍ കമ്മീഷന് കഴിഞ്ഞു. രാഹുല്‍ ഗാന്ധിക്ക് മറ്റ് മണ്ഡലങ്ങളില്‍ സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മലപ്പുറവും വയനാടും ഒഴികെയുള്ള സീറ്റുകളിലാണ് ഇടതുമുന്നണി വിജയം നേടുകയെന്നാണ് സി.പി.എം വിലയിരുത്തല്‍.
എല്ലാ മുന്നണികളും അവരുടെ പരമാവധി വോട്ടര്‍മാരേക്കൊണ്ട് കൃത്യമായി വോട്ട് ചെയ്യുന്നതില്‍ വിജയിച്ചതാണ് പോളിങ് ഉയരാന്‍ കാരണമായത്. ഈ പശ്ചാത്തലത്തില്‍ ഇടതുമുന്നണി അഭിമാനാര്‍ഹമായ വിജയം നേടും. അത്തരത്തിലുള്ള വിലയിരുത്തലിലാണ് സംസ്ഥാന സെക്രട്ടേറിയേറ്റ് എത്തിയത്. 2004 ന് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്.
ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തിന് അനുകൂലമായിരുന്നു. ഭൂരിപക്ഷ വോട്ടുകള്‍ മൂന്നായി വിഭജിക്കപ്പെട്ടു. ബി.ജെ.പി ഇത്തവണ കേരളത്തില്‍ സീറ്റ് നേടില്ല. ബി.ജെ.പിക്ക് വോട്ട് വര്‍ധിക്കും. ബി.ജെ.പി കോണ്‍ഗ്രസിന് വോട്ട് മറിച്ചാലും ഇടതുപക്ഷം വിജയിക്കും. സാധാരണ ഇടത്‌പക്ഷത്തിന് ലഭിക്കാത്ത വോട്ടുകള്‍ ഇത്തവണ ലഭിച്ചു. ഇടത് വോട്ടുകളുടെ ഏകീകരണം ഉണ്ടായി. സി.പി.എമ്മിനെ എതിര്‍ക്കുന്ന ഇടത് വോട്ടുകളും എല്‍.ഡി.എഫിന് ലഭിച്ചു.
എന്‍.എസ്.എസ് സമദൂര നിലപാട് തന്നെയാണ് സ്വീകരിച്ചത്. ഏതെങ്കിലും പ്രത്യേക വിഷയത്തെ കേന്ദ്രീകരിച്ചുള്ള തിരഞ്ഞെടുപ്പല്ല നടന്നത്. വോട്ടര്‍ പട്ടിക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാണ്. ഇതും പോളിങ് ശതമാനം വര്‍ധിക്കാന്‍ കാരണമായി. ബി.ജെ.പി കേരളത്തില്‍ നിരാശരാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു