അഗര്‍ത്തല: 25 വര്‍ഷം നീണ്ട ഇടതുപക്ഷ ഭരണത്തിന് വിരാമം കുറിച്ച് ബിജെപി അധികാരത്തിലെത്തിയ ത്രിപുരയില്‍ സിപിഎം സ്ഥാപനങ്ങള്‍ക്കുനേരെ കനത്ത ആക്രമണം. ബലോണിയയില്‍ സ്ഥാപിച്ചിരുന്ന ലെനിന്റെ പ്രതിമ ഒരുകൂട്ടം ബിജെപി പ്രവര്‍ത്തകര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളില്‍ സിപിഎം ഓഫീസുകളും തകര്‍ക്കപ്പെട്ടിട്ടുണ്ട്.
പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കാത്തതിനാല്‍ ഗവര്‍ണറോട് ജാഗ്രത പാലിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് 48 മണിക്കൂറിനുള്ളില്‍ വിവിധ അക്രമ സംഭവങ്ങളിലായി മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നാലോളം കേസുകള്‍ ഇപ്പോള്‍ നിലവിലുണ്ട്.
മറിച്ചിട്ട ശേഷം പ്രതിമയുടെ തല മുറിച്ചുമാറ്റുകയും ചെറുകഷ്ണങ്ങളാക്കി തകര്‍ക്കുകയും ചെയ്തതായും ഇതുപയോഗിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഫുട്‌ബോള്‍ കളിച്ചതായും സിപിഎം നേതാവ് തപസ് ദത്തയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജെപിയുടെ 'കമ്യൂണിസം ഫോബിയ' ആണ് ഇത്തരം പ്രവൃത്തികളിലൂടെ വെളിവാകുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.
സിധൈയില്‍ രണ്ട് സിപി എം ഓഫീസുകള്‍ തീവെച്ച് നശിപ്പിച്ചതും കടംതലയില്‍ സിപി എം ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതും ഇതില്‍ ഉള്‍പ്പെടും. ബിജെപി സംസ്ഥാനത്ത് ഭീതി പടര്‍ത്തുകയാണെന്ന് സിപി എം ട്വിറ്ററിലൂടെ അറിയിച്ചു.