കണ്ണൂർ∙ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്നു ഫോണിൽ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. കണ്ണൂർ ചെറുതാഴം മണ്ടൂർ ഹനുമാരമ്പലത്തിനു സമീപം താമസിച്ചിരുന്ന വിജേഷ് ബാലൻ (30) ആണു പിടിയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡ് പ്രതിയുടെ മൊബൈൽ ഫോൺ സിഗ്നൽ പിന്തുടർന്നു കാസർകോട്ടു നിന്നാണ് അറസ്റ്റ് ചെയ്തത്. കണ്ണൂരിലെത്തിച്ചു ടൗൺ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. യുവാവിനു നേരിയ മാനസികാസ്വാസ്ഥ്യമുള്ളതായി സംശയമുണ്ടെന്നു പൊലീസ് പറഞ്ഞു.
ശനിയാഴ്ച വൈകിട്ടാണു സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലേക്കു മുഖ്യമന്ത്രിക്ക് വധഭീഷണി മുഴക്കി ഫോണ്‍ കോള്‍ വന്നത്. മുഖ്യമന്ത്രിയെ രണ്ടു ദിവസത്തിനകം വധിക്കുമെന്നായിരുന്നു ഭീഷണി. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ വിവരം മുഖ്യമന്ത്രിയുടെ ഓഫിസിലും പൊലീസിലും അറിയിക്കുകയായിരുന്നു. ചെറുതാഴത്തിനു സമീപത്തെ യുവതിയുടെ പേരിലുണ്ടായിരുന്ന സിം കാര്‍ഡില്‍ നിന്നാണു വിളി വന്നതെന്നു പൊലീസ് കണ്ടെത്തിയെങ്കിലും ഏതാനും മാസമായി അവര്‍ ആ നമ്ബര്‍ ഉപയോഗിക്കുന്നില്ലെന്നു വ്യക്തമായി. പിന്നീടു മൊബൈല്‍ ഫോണ്‍ കമ്ബനിയുമായി ബന്ധപ്പെട്ടു സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ സിം കാര്‍ഡ് ഇപ്പോള്‍ വിജേഷിന്റെ പേരിലാണെന്നു കണ്ടെത്തി.
ത്രിപുര തിരഞ്ഞെടുപ്പു ഫലത്തില്‍ ഹരം കയറിയാണു സിപിഎം ഓഫിസിലേക്കു വിളിച്ചതെന്നു വിജേഷ് മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ എന്നു സ്വയം പരിചയപ്പെടുത്തുന്ന ഫെയ്സ്ബുക് പേജും വിജേഷിന്റെ പേരിലുണ്ട്. പയ്യന്നൂര്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫിസിലേക്കു ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതിനു രണ്ടു വര്‍ഷം മുന്‍പു വിജേഷിനെതിരെ കേസെടുത്തിരുന്നു.