തിരുവനന്തപുരം∙ വിദേശവനിത കൊല്ലപ്പെട്ട സംഭവത്തിൽ കസ്റ്റഡിയിലുണ്ടായിരുന്ന പനത്തുറ ഉമേഷ്, ഉദയന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. യുവതി കൊല്ലപ്പെട്ടതു കാണാതായ അതേദിവസം തന്നെയെന്നാണു പൊലീസിന്റെ കണ്ടെത്തല്‍. അറസ്റ്റിലായ രണ്ടുപേർക്കും കൊലപാതകത്തില്‍ നേരിട്ടു പങ്കുണ്ടെന്നു പൊലീസ് പറഞ്ഞു. യുവതിയുടെ മൃതദേഹം ഇന്ന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിക്കും.
യുവതി പീഡനത്തിന് ഇരയായതായി സ്ഥിരീകരിക്കുന്ന രാസപരിശോധനാഫലം പുറത്തുവന്നിരുന്നു. മുടിയിഴകളും വിരലടയാളവും പ്രതികളുടേതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ബോട്ടിങ് നടത്താനെന്ന പേരിലാണു യുവതിയെ ഇവിടേക്കെത്തിച്ചതെന്നു പ്രതികളിലൊരാള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചിരുന്നു. കണ്ടല്‍ക്കാട്ടിലെത്തിയശേഷം എന്തു നടന്നുവെന്നു വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിക്കാത്തത് അന്വേഷണത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണു യുവതി എങ്ങനെ കണ്ടല്‍ക്കാട്ടിലെത്തി എന്നു വ്യക്തമാക്കുന്ന നിര്‍ണായക മൊഴി ലഭിച്ചത്. കോവളത്തെത്തിയ യുവതിയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന പനത്തുറ സ്വദേശി സമീപിച്ചു. ബോട്ടിങ് നടത്താമെന്ന പേരില്‍ വള്ളത്തില്‍ ഇവിടേക്കെത്തിച്ചെന്നുമാണു മൊഴിയില്‍ പറയുന്നത്.