തിരുവനന്തപുരം: ലാത്വിയന്‍ വനിത ലിഗ സ്‌ക്രൊമേനയുടെ കൊലപാതകത്തില്‍ പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. നാല് പേരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം അവസാനഘട്ടത്തിലാണ്. ഇവര്‍ പോലീസ് കസ്റ്റഡിയിലാണുള്ളത്. കോവളത്ത് മയക്ക്മരുന്ന് മാഫിയയുമായി ബന്ധമുള്ള ഇവര്‍ക്ക് ലിഗയുടെ മരണത്തില്‍ പങ്കുണ്ടെന്നാണ് സംശയം.
അതേസമയം ലിഗയുടെ മരണം കൊലപാതകമാണെന്ന സാഹചര്യ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ബലാത്സംഗ ശ്രമം നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലിലൂടെയാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. കഴുത്തിലെ തരുണാസ്ഥികള്‍ക്ക് പൊട്ടലുണ്ട്.
കഴുത്തില്‍ ചവിട്ടി ഞെരിച്ചോ ശ്വാസംമുട്ടിച്ചോ ആകാം കൊലപ്പെടുത്തിയത്. ഒന്നിലധികം പേര്‍ ചേര്‍ന്നാകാം കൃത്യം ചെയ്തതെന്നും കരുതുന്നു. ശരീരത്തിലെ മുറിവുകള്‍ മരണത്തിന് കാരണമായിട്ടില്ല. മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍ ആയതിനാല്‍ ബലാത്സംഗ ശ്രമം നടന്നിട്ടുണ്ടോ എന്ന കാര്യം കണ്ടെത്തിയിട്ടില്ല. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലമാണ് ഇനി കേസില്‍ നിര്‍ണ്ണായകം.