പി.പി. ചെറിയാന്
കഴിഞ്ഞ ശനിയാഴ്ച ഡാളസിലുണ്ടായ ബോട്ടപകടത്തില്‍ മരിച്ച ലിന്റൊ കുര്യന് ഫിലിപ്പിന്(23) ഡാളസില്‍ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.
ഫെബ്രുവരി 27 ബുധനാഴ്ച വൈകീട്ട് ഡാളസ് സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ നടന്ന മെമ്മോറിയല്‍ സര്‍വ്വീസില്‍ വിവിധ സ്ഥലങ്ങളില്‍നിന്നും എത്തിചേര്‍ന്ന കുടുംബാംഗങ്ങളും, സുഹൃത്തുക്കളും, സഹപാഠികളും, വിവിധ സഭാ പ്രതിനിധികളും ലിന്റൊയെ കുറിച്ചുള്ള സ്മരണകള്‍ പങ്കുവെച്ചത് കൂടിയിരുന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു.
നാലു മാസത്തെ അമേരിക്കന്‍ വാസത്തിനിടെ ലിന്റൊയുടെ മാതൃകാപരമായ ജീവിതം മറ്റുള്ളവരില്‍ എത്രമാത്രം സ്വാധീനം ചെലുത്തിയിരുന്നുവെന്നതിന് അടിവരയിടുന്നതായി ദേവാലയത്തില്‍ നിറഞ്ഞുകവിഞ്ഞ ജനസാന്നിധ്യം. ഡാളസ് മാര്‍ത്തോമാ ഇടവക വികാരിമാരായ റവ.മാത്യൂ ജോസഫ്, റവ.വിജു വര്‍ഗീസ്, റവ.മാത്യു മാത്യൂസ്, റവ.ബ്ലെസിന്‍ കെ. മോന് എന്നിവര്‍ അനുശോചന സന്ദേശം നല്കി. പി.എം. ഫിലിപ്പിന്റേയും സൂസന്റേയും ഇളയ മകനായ ലിന്റൊ ദുബായില്‍ നിന്നും ഉപരിപഠനാര്‍ത്ഥമാണ് ഡാളസില്‍ എത്തിയത്.