കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് വിറ്റത് 14,508 കോടി രൂപയുടെ മദ്യം. ഏറ്റവും കൂടുതല്‍ മദ്യം വിറ്റതു കേരളം പ്രളയത്തില്‍ മുങ്ങിയ ഓഗസ്റ്റ് മാസത്തിലെന്നും കണക്കുകള്‍ പറയുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം മദ്യം വിറ്റുകിട്ടിയ ആകെ തുകയില്‍ 1,264 കോടി രൂപയുടെ മദ്യം വിറ്റത് കേരളം പ്രളയത്തില്‍ മുങ്ങിയ ഓഗസ്റ്റ് മാസത്തിലാണ്. ബവ്‌റിജസ് കോര്‍പറേഷന്‍റേയും കണ്‍സ്യൂമര്‍ ഫെഡിന്റേതുമുള്‍പ്പെടെയുള്ള ഔട്‌ലെറ്റുകള്‍ വഴിയും ബാറുകളിലും കൂടി ആകെ വിറ്റഴിച്ചത് 14,508 കോടി രൂപയുടെ മദ്യമാണ്. ഇതില്‍ നിന്നു സംസ്ഥാനത്തിനു കിട്ടിയ നികുതി വരുമാനം12,424 കോടി രൂപ. അതായത് സംസ്ഥാനത്തിന്റെ ആകെ നികുതി വരുമാനത്തിന്റെ 23 ശതമാനമാണ് മദ്യത്തിലൂടെ ഖജനാവിലേക്ക് എത്തിയത്.
തൊട്ടു മുന്‍പുള്ള സാമ്പത്തിക വര്‍ഷം ഇത് 11,024 കോടി രൂപയായിരുന്നു. വിറ്റ മദ്യത്തിന്റെ അളവിലും കാര്യമായ വര്‍ധനയുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റത് 216.34 ലക്ഷം കെയ്‌സ് മദ്യമാണ്. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ എട്ടു ലക്ഷം കെയ്‌സുകളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം അധികം വിറ്റത്. പൂട്ടികിടന്ന ബാറുകള്‍ സ്റ്റാര്‍ പദവി മാറ്റി തുറന്നതോടെയാണു മദ്യ വില്‍പനയില്‍ കുതിച്ചു ചാട്ടമുണ്ടായത്.