രാജ്യത്തെ സാക്ഷരതാ നിരക്കില്‍ കേരളം വീണ്ടും ഒന്നാമത്. 96.2 ശതമാനമാണ് സംസ്ഥാനത്തെ സാക്ഷരതാ നിരക്ക്. നാഷനല്‍ സ്റ്റാസ്റ്റിക്കല്‍ ഓഫിസിന്റെ (എന്‍എസ്‌ഒ) പുതിയ റിപ്പോര്‍ട്ട് പ്രകാരമാണിത്. ഏറ്റവും പിന്നില്‍ ആന്ധ്രപ്രദേശാണ്. 66.4 ശതമാനമാണ് ആന്ധ്രയിലെ സാക്ഷരതാ നിരക്ക്.
2017 ജൂലൈ മുതല്‍ 2018 ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരമാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. ഏഴു വയസിനു മുകളിലുള്ളവരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
88.7 ശതമാനവുമായി ഡല്‍ഹിയാണ് രണ്ടാം സ്ഥാനത്ത്. ഉത്തരാഖണ്ഡ് (87.6%), ഹിമാചല്‍ പ്രദേശ് (86.6%), അസം (85.9%) തുടങ്ങിയ സംസ്ഥാനങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.
രാജ്യത്തെ ആകെ സാക്ഷരതാ നിരക്ക് 77.7 ശതമാനമാണ്. ഗ്രാമങ്ങളില്‍ 73.5 ശതമാനവും നഗരങ്ങളില്‍ 87.7 ശതമാനവും. എല്ലാ സംസ്ഥാനങ്ങളിലും സ്‌ത്രീകളേക്കാള്‍ പുരുഷന്മാരുടെ സാക്ഷരതാ നിരക്കാണ് കൂടുതല്‍. രാജ്യത്തെ ആകെ പുരുഷന്മാരുടെ സാക്ഷരതാ നിരക്ക് 84.7 ശതമാനമാണ്. സ്‌ത്രീകളില്‍ ഇത് 70.3 ശതമാനവും.