ദില്ലി: സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ പ്രതിയാക്കി സമര്‍പ്പിച്ച കുറ്റപത്രം ദില്ലി കോടതി ഇന്ന് പരിഗണിക്കും. ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയതിനാല്‍ തരൂരിനെ വിളിച്ചു വരുത്തണമെന്ന് ദില്ലി പൊലീസ് കോടതിയോട് ആവശ്യപ്പെടും. കുറ്റപത്രം തള്ളണമെന്നും കേസില്‍ നിന്ന് കുറ്റവിമുക്തനാക്കണം എന്നുമാകും തരൂരിന്റെ വാദം.
പരമാവധി പത്തുവര്‍ഷം വരെ ശിക്ഷ ലഭിക്കുന്ന ആത്മഹത്യ പ്രേരണ കുറ്റവും മൂന്ന് വര്‍ഷംവരെ ശിക്ഷക്ക് വ്യവസ്ഥയുള്ള ഗാര്‍ഹിക പീഡന കുറ്റവുമാണ് കുറ്റപത്രത്തില്‍ തരൂരിന് എതിരെയുള്ളത്. കേസില്‍ തരൂരിനെ നേരിട്ട് വിളിപ്പിക്കണമെന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ മജിസ്‌ട്രേറ്റ് ധര്‍മേന്ദര്‍ സിംഗിനോട് ആവശ്യപ്പെടും. വിവാഹം നടന്ന് എഴുവര്‍ഷത്തിനിടെ ഭാര്യ ആത്മഹത്യ ചെയ്താല്‍ പ്രഥമ ദൃഷ്ട്യാ കേസുണ്ടെന്ന് തോന്നിയാല്‍ തന്നെ പ്രതിയെ കോടതിക്ക് വിളിപ്പിക്കാമെന്നാണ് പൊലീസ് വാദം.
കേസില്‍ വാറണ്ട് അയച്ചാലും തരൂരിന് ജാമ്യം ലഭിക്കാനാണ് സാധ്യതയെന്നാണ് അഭിഭാഷക സംഘത്തിന്റെ പ്രതീക്ഷ. അന്വേഷണവുമായി സഹകരിച്ച അന്വേഷണ ഘട്ടത്തില്‍ പൊലീസ് അറസ്റ്റ് ചെയ്യാത്തയാള്‍ക്ക് ജാമ്യം നല്‍കുന്ന കീഴ് വഴക്കമാണ് ഇതിന് അടിസ്ഥാനം. കുറ്റപത്രം അംഗീകരിച്ചാല്‍ മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് കേസ് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് എതിരായ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയുടെ പരിഗണനയ്ക്ക് വിടും.