കോവിഡ് കാലത്തു തൊഴില്‍ നഷ്ടപെട്ടും ലോക് ഡൌണ്‍ മൂലവും പല തര വിഷമതകള്‍ അഭിമുഖീകരിച്ചു നാട്ടില്‍ മടങ്ങി എത്തുവാന്‍ കൊതിക്കുന്ന പ്രവാസികളുടെ മേല്‍ ക്വാറന്റൈന്‍ ചെലവ് കൂടി അടിച്ചേല്‍പ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ സംഘടന ശക്തമായി പ്രതിഷേധിച്ചു. തീരുമാനം ഉടന്‍ പിന്‍വലിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നു കേരള മുഖ്യമന്ത്രിയോട് പ്രവാസി മലയാളി ഫെഡറേഷന്‍ ആവശ്യപ്പെട്ടു .ഇതുസംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം സമര്‍പ്പിച്ചിട്ടുണ്ടെന്നും പി എം എഫ് ഗ്ലോബല്‍ പ്രസിഡണ്ട് അറിയിച്ചു .
വിദേശ രാജ്യങ്ങളില്‍ വിശിഷ്യാ ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ പ്രതിസന്ധി മൂലം ജോലി നഷ്ടപ്പെടുകയും, ശമ്പളം കുറക്കപെടുകയും മറ്റു പല മനോവിഷമങ്ങളും അനുഭവിക്കുന്ന പ്രവാസികളുടെ അവകാശത്തില്‍ പെട്ടതായ കോടികളുടെ ഫണ്ട് വിവിധ എംബസ്സിയുടെ കൈവശം ഉണ്ടായിട്ടും ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നു ഒരു ചില്ലിക്കാശുപോലും സഹായധനമായി ലഭിക്കാതെ വളരെ കഷ്ടപ്പെട്ട് പാവപെട്ട തൊഴിലാളികള്‍ സ്വന്തം ചിലവില്‍ ടിക്കറ്റ് എടുത്തു നാട്ടില്‍ എത്തി കഴിഞ്ഞാല്‍ കേരള സര്‍ക്കാരിന്റെ ചാര്‍ജ് ഈടാക്കല്‍ തീരുമാനത്തെ ` ഇടി വെട്ടിയവനെ പാമ്പ് കടിച്ച പോലെ` ആയി എന്ന് പറയുന്ന പോലെയാണെന്ന് പ്രസിഡന്റ് പറഞ്ഞു .