പനമ്പിള്ളി നഗറില്‍ പെണ്‍കുട്ടികള്‍ക്കു നേരെ പെട്രോള്‍ ഒഴിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. പാലക്കാട് തച്ചമ്പാറ പൂവത്തിങ്കല്‍ മനു(24) ആണ് പിടിയിലായത്. സംഭവ ശേഷം അബുദാബിയിലേക്കു കടന്ന ഇയാളെ സമ്മര്‍ദം ചെലുത്തി നെടുമ്പാശേരി വിമാനത്താവളത്തില്‍ വിളിച്ചു വരുത്തി എറണാകുളം സൗത്ത് പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിക്കും ഒപ്പം ഉണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടിക്കും നേരെ കഴിഞ്ഞ മാസം 14�ാം തിയതിയാണ് ഇയാള്‍ പെട്രോള്‍ ഒഴിച്ചത്.
ഊട്ടി സ്വദേശിയായ പെണ്‍കുട്ടിയും കൂട്ടുകാരിയും സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോള്‍ ബൈക്കില്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയ മനു വഴിയില്‍ തടഞ്ഞു നിര്‍ത്തിയാണ് പെട്രോളൊഴിച്ചത്. ഭയന്നു വിറച്ച പെണ്‍കുട്ടികള്‍ സ്‌കൂട്ടര്‍ മറിച്ചിട്ട് എതിര്‍വശത്തേക്ക് ഓടി. പെണ്‍കുട്ടികള്‍ ഓടി രക്ഷപ്പെട്ടതിനാല്‍ പദ്ധതി പാളി. കൊച്ചിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കുകയും അതോടൊപ്പം മാളില്‍ ജോലി ചെയ്യുകയും ചെയ്‌തിരുന്ന കുട്ടിക്കു നേരെയാണ് ആക്രമണമുണ്ടായത്.
അബുദാബിയില്‍ നിന്ന് മനു കേരളത്തിലെത്തിയത് ആത്മാര്‍ത്ഥ സുഹൃത്തുക്കളെ പോലും അറിയിക്കാതെയായിരുന്നു. ഇവിടെ നിന്നു കോയമ്പത്തൂരിലെത്തി ബൈക്ക് വാടകയ്‌ക്കെടുത്തു കൊച്ചിയില്‍ എത്തി. ചിറ്റൂര്‍ റോഡിലെ ഹോട്ടലില്‍ റൂമെടുത്ത് പെണ്‍കുട്ടിയെ പിന്തുടരുകയായിരുന്നു. ഇതിനിടെ പാലക്കാട്ടുവച്ച് കുപ്പിയില്‍ പെട്രോള്‍ വാങ്ങി കരുതി. പദ്ധതി നടപ്പാക്കി യാതൊരു തെളിവും അവശേഷിപ്പിക്കാതെ രക്ഷപെടുന്നതിനായിരുന്നു യുവാവിന്റെ രഹസ്യനീക്കങ്ങള്‍ എന്നാണ് പൊലീസ് കരുതുന്നത്.
സംഭവം നടക്കുന്നതിന്റെ തലേ ദിവസം പെണ്‍കുട്ടിയെ ആക്രമിക്കുന്നതിനു യുവാവ് തീരുമാനിച്ചെങ്കിലും ഒറ്റപ്പെട്ട സ്ഥലത്ത് പെണ്‍കുട്ടിയെ കിട്ടാതിരുന്നതിനാല്‍ പദ്ധതി വിജയിച്ചില്ല. തുടര്‍ന്നു പെണ്‍കുട്ടി താമസിക്കുന്ന സ്ഥലത്തെത്തി പിന്തുടര്‍ന്നു. വൈകിട്ട് ജോലി കഴിഞ്ഞു മടങ്ങുന്ന വഴിക്കാണു പനമ്പള്ളി നഗറില്‍ ആള്‍ത്തിരക്കില്ലാത്ത സ്ഥലത്തു വച്ചു പെണ്‍കുട്ടിക്കു നേരെ പെട്രോളൊഴിച്ചത്. പദ്ധതി പരാജയപ്പെട്ടതോടെ സ്ഥലത്തു നിന്നു തന്ത്രപരമായി രക്ഷപ്പെടല്‍. ഹോട്ടല്‍ മുറിയിലെത്തി അന്നു കൂടി അവിടെ തങ്ങി. അടുത്ത ദിവസം കോയമ്പത്തൂരിലെത്തി ബൈക്ക് തിരികെ നല്‍കി ബെംഗളൂരുവിലെത്തി, അവിടെ നിന്നാണ് ദുബായിലേക്ക് പോയത്.