മെല്‍ബണ്‍: സാം എബ്രഹാം വധക്കേസില്‍ ഓസ്‌ട്രേലിയയില്‍ മൂന്നു വര്‍ഷമായി തുടരുന്ന വിചാരണ നടപടികള്‍, കഴിഞ്ഞ ദിവസമാണ് പ്രതികളായ സാമിന്റെ ഭാര്യ സോഫിയ്ക്കും കാമുകന്‍ അരുണിനും വിക്ടോറിയന്‍ കോടതി തടവ് ശിക്ഷ വിധിച്ചത്.
കഴിഞ്ഞ 672 ദിവസമായി ജയിലില്‍ കിടക്കുന്ന പ്രതികള്‍ വിധി കേള്‍ക്കാനായി രാവിലെ 10.25 ഓടെയാണ് കോടതി മുറിയിലെത്തിയത്. മറ്റാരെയും നോക്കാതെ കോടതിയിലേക്കെത്തിയ സോഫിയ, ജഡ്ജി വിധി പറഞ്ഞ മുക്കാല്‍ മണിക്കൂര്‍ നേരമത്രയും നിശ്ചലയായിരിക്കുകയായിരുന്നു.
എന്നാല്‍ അരുണ്‍ കമലാസനന്‍ കോടതി മുറിയിലെത്തിയപ്പോള്‍ തന്നെ അവിടെത്തിയ മറ്റെല്ലാവരെയും നോക്കുകയും, കോടതി മുറിയിലെ നടപടികള്‍ കണ്ട് ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇടയ്ക്ക് അരുണിന്റെ അഭിഭാഷകന്‍ അടുത്തെത്തി ഏറെ നേരം സംസാരിക്കുകയും ചെയ്തു.
മുക്കാല്‍ മണിക്കൂര്‍ നീണ്ട വിധി പ്രസ്താവം വായിച്ച ശേഷം അരുണിന്റെ ശിക്ഷയാണ് ആദ്യം പ്രസ്താവിച്ചത്. വികാരമൊന്നുമില്ലാതെ അരുണ്‍ കേട്ടപ്പോള്‍, പൊട്ടി കരഞ്ഞുകൊണ്ടാണ് സോഫിയ ശിക്ഷാവിധി കേട്ടത്. അരുണിന് 27 വര്‍ഷം തടവും സോഫിയക്ക് 22 വര്‍ഷമാണ് തടവുമാണ് വിധിച്ചത്. സമാനമായ മറ്റൊരു കേസു പോലും തനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും ജസ്റ്റിസ് കോഗ്ലാന്‍ വ്യക്തമാക്കി. സോഫിയക്ക് 18 വര്‍ഷവും അരുണിന് 23 വര്‍ഷം കഴിയാതെ പരോള്‍ ലഭിക്കില്ല.
ശിക്ഷായിളവ് ആവശ്യപ്പെട്ട് അരുണിന്റെ അച്ഛനമ്മമാരും ഭാര്യയും കോടതിക്ക് കത്തെഴുത്തിയിരുന്നുവെന്നും, ശിക്ഷ കേരളത്തിലുള്ള ഭാര്യയെയും മകനെയും പ്രായമായ അച്ഛനമ്മമാരെയുമായിരിക്കും ഏറ്റവുമധികം ബാധിക്കുകയെന്നും കോടതി പറഞ്ഞു.
അരുണിന്റെ കുഞ്ഞ് വളരുന്ന സമയത്ത് അരുണ്‍ അടുത്തുണ്ടാകില്ല. പ്രായമായ അച്ഛനമ്മമാരുടെ അവസാന കാലത്തും അവര്‍ക്കൊപ്പം ഉണ്ടാകാന്‍ അരുണിന് കഴിയില്ല. അരുണിന്റെ തന്നെ നടപടികളാണ് ഇതിലേക്ക് നയിച്ചതെന്നും കോടതി പറഞ്ഞു.
കുറ്റകൃത്യത്തില്‍ സോഫിയയ്ക്ക് പശ്ചാത്താപമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സോഫിയയുടെ ഒമ്ബത് വയസ്സായ മകന്‍ ഇപ്പോള്‍ സഹോദരിക്കൊപ്പം മെല്‍ബണിലാണ്. സാമിന്റെ മാതാപിതാക്കള്‍ കുട്ടിയുടെ സംരക്ഷണം ആവശ്യപ്പെടുന്നതില്‍ സോഫിയക്ക് ആശങ്കയുണ്ടെന്നു അറിയാമെങ്കിലും അതില്‍ വ്യക്തമായ അഭിപ്രായം ഒന്നും പറയാതെയാണ് സോഫിയയുടെ ശിക്ഷ ജസ്റ്റിസ് കോഗ്ലാന്‍ വിധിച്ചത്.
ശിക്ഷാ വിധിക്ക് ശേഷം ഇരുവരെയും വിലങ്ങു വച്ച് കൊണ്ട് ജയിലിലേക്ക് കൊണ്ടുപോയി.