• Thursday, November 28, 2024
  • A biweekly newspaper published from philadelphia , pa.
Malayalam Vartha US
Blog single photo

അന്താരാഷ്ട്ര ചലചിത്രമേള ഡിസംബര്‍ ഏഴ് മുതല്‍; ഡെലിഗേറ്റ‌് ഫീസ‌് 2000 രൂപയായി ഉയര്‍ത്തി

തിരുവനന്തപുരം: അന്താരാഷ്ട്ര ചലചിത്രമേള ചെലവ് കുറച്ച്‌ നടത്തുന്നതിന്റെ ഭാഗമായി ഡെലിഗേറ്റ് ഫീസ് 2000 രൂപയായി ഉയര്‍ത്തിയതായി സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രളയ ദുരന്തത്തിന്റെ പശ്ചാതലത്തില്‍ സര്‍ക്കാര്‍ ഫണ്ടില്ലാതെയാണ് മേള നടത്തുക. കഴിഞ്ഞ തവണ 6.35 കോടി രൂപയായിരുന്നു മേളയുടെ ചെലവ്. ഇക്കുറി ചെലവ് മൂന്നര കോടിയായി ചുരുക്കും.

ഡിസംബര്‍ ഏഴുമുതല്‍ 13 വരൈയാണ് മേള നടക്കുക. 12,000 പാസുകള്‍ വിതരണം ചെയ്യാനാണ് തീരുമാനം. സൗജന്യ പാസുകള്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

മുന്‍ വര്‍ഷങ്ങളെപ്പൊലെ മത്സര വിഭാഗം ഉള്‍പ്പെടെ എല്ലാ വിഭാഗവും ഇത്തവണയും ഉണ്ടാകും. അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ 14 സിനിമകളുണ്ടാകും. നവാഗതരുടെ ആറെണ്ണം ഉള്‍പ്പെടെ 14 മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ രണ്ട് ചിത്രങ്ങള്‍ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കും. ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ ഒമ്ബത് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ രണ്ടെണ്ണം മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കും.

ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി സമഗ്ര സംഭാവനക്കുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഇത്തവണ ഉണ്ടാകില്ല. എന്നാല്‍ കോംപറ്റീഷന്‍, ഫിപ്രസി, നൈറ്റ്പാക്, അവാര്‍ഡുകള്‍ ഉണ്ടാകും. ഇന്റര്‍നാഷണല്‍ ജൂറി ദക്ഷിണേഷ്യയില്‍നിന്നായി പരിമിതപ്പെടുത്തും.

മേള നടക്കുന്ന ദിവസങ്ങളില്‍ മുഖ്യ വേദിയില്‍ നടത്താറുള്ള കലാസാംസ്‌കാരിക പരിപാടികള്‍, ശില്പശാല, എക്‌സിബിഷന്‍, മാസ്റ്റര്‍ ക്ലാസ്, പാനല്‍ ഡിസ്‌കഷന്‍ എന്നിവ ഒഴിവാക്കി. എന്നാല്‍ ഓപ്പണ്‍ഫോറം തുടരും. പ്രളയ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച്‌ ലളിതമായിരിക്കും ഉദ്ഘാടന, സമാപന ചടങ്ങുകള്‍. അലങ്കാരങ്ങള്‍, പരസ്യഹോര്‍ഡിംഗുകള്‍, പന്തലുകള്‍ എന്നിവക്ക് സ്‌പോണ്‍സര്‍ഷിപ്പ് കണ്ടെത്തും. മേളക്ക് പ്ലാന്‍ ഫണ്ടില്‍നിന്ന് ചെറിയ തുക ലഭിക്കുമോ എന്ന് ശ്രമിക്കുമെന്നും മന്ത്രി എ കെ ബാലന്‍ പറഞ്ഞു.

Top