കൊച്ചി∙ ആറായിരം പേരെ ഒരേ സമയം ഇരുത്താവുന്ന കൺവൻഷൻ സെന്റർ, കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽതന്നെ അപൂർവം. ഹോട്ടലിലെ ഹാളുകളും ചേർത്താൽ ഇവിടെ 8000 പേർക്ക് ഒരേ സമയം സമ്മേളനങ്ങളിൽ പങ്കെടുക്കാം. രാഷ്ട്രത്തലവന്മാർക്ക് ഉൾപ്പെടെ താമസിക്കാനുള്ള സൗകര്യവുമായി ഹോട്ടൽ. എല്ലാ അർഥത്തിലും ‘രാജ്യാന്തര’മാകുകയാണ് ലുലു ബോൾഗാട്ടി കൺവൻഷൻ സെന്ററും ഗ്രാൻഡ് ഹയാത്ത് ഹോട്ടലും.
ലുലു ബോൾഗാട്ടി രാജ്യാന്തര കൺവൻഷൻ സെന്റർ
കൺവൻഷൻ സെന്ററിനു മുന്നിൽ വാഹനങ്ങൾ വന്നു നിൽക്കുന്ന പോർട്ടിക്കോ കണ്ടാൽ എയർപോർട്ട് ടെർമിനലിന്റെ മുൻവശം പോലെ തോന്നും. സ്കാനറും മെറ്റൽ ഡിറ്റക്ടറും ക്യാമറ ദൃശ്യങ്ങൾ എത്തുന്ന കമാൻഡ്മുറിയും ഉൾപ്പെടെ സുരക്ഷാ സൗകര്യങ്ങൾ. മുൻപിലുള്ള വിശാലമായ കാർപാർക്കിൽ 1500 വാഹനങ്ങൾക്കിടമുണ്ട്. അവിടം എക്സിബിഷൻ സ്ഥലമായും ഉപയോഗിക്കാം. ലാൻഡ്സ്കേപ് ചെയ്ത കാർ പാർക്കും മൂന്നു ഹെലിപാഡുകളും തൊട്ടടുത്തു തന്നെ. എയർപോർട്ടിൽ നിന്ന് ഹെലികോപ്റ്ററിൽ ഇവിടെ വന്നിറങ്ങി നേരെ ഹോട്ടലിലേക്കോ കൺവൻഷൻ സെന്ററിലേക്കോ പോകാം.
വേമ്പനാട് എന്നു പേരിട്ട അടുത്ത ഹാളിന് 19000 ചതുരശ്രയടി വിസ്തീർണം. 2200 പേർക്കു സുഖമായി ഇരിക്കാം. ഈ ഹാളും മൂന്നായി വിഭജിച്ചു ചെറിയ ഹാളുകളാക്കാം. ലുലു ചെയർമാൻ എം.എ. യുസഫലിയുടെ നാടായ ‘നാട്ടിക’ എന്നാണു ചെറിയ ഹാളിന്റെ പേര്. മുന്നൂറോളം പേർക്ക് ഇരിക്കാവുന്ന ഈ ഹാളും മൂന്നായി വിഭജിക്കാം. 8000 ചതുരശ്രയടിയിൽ ഹാളുകൾക്കു ചുറ്റും ഫോയറും ലാൻഡ്സ്കേപ് ചെയ്ത വരാന്തകളും. ഹാളുകളിലെ മച്ചിൽ ആധുനിക ഗ്ലാസ് അലങ്കാര വിളക്കുകളും അവയ്ക്കു വിവിധ നിറങ്ങൾ കൊടുക്കാനുള്ള ലൈറ്റിങ് സൗകര്യവുമുണ്ട്.
ഗ്രാൻഡ് ഹയാത്ത്
ഹയാത്ത് ഗ്രൂപ്പിന്റെ ഉയർന്ന തരം ആഡംബര ഹോട്ടൽ ബ്രാൻഡാണു ഗ്രാൻഡ് ഹയാത്ത്. ലോകത്തെ വൻ നഗരങ്ങളിൽ മാത്രം കാണുന്ന ആ ഹോട്ടൽ ബ്രാൻഡും അതിനൊപ്പിച്ചുള്ള സൗകര്യങ്ങളും കൊച്ചിക്കു സ്വന്തം. ഹോട്ടലിന്റെ ലോബി മൂന്നാം നിലയിലാണ്. അവിടെ നിന്നു നോക്കുമ്പോൾ കായലിന്റെ മനോഹര ദൃശ്യം. കായലിനോടു ചേർന്നുള്ള ഉദ്യാനത്തിൽ ആംഫി തിയറ്ററും നീന്തൽക്കുളവും. ഉദ്യാനം രൂപകൽപന ചെയ്തതു വിദേശികളാണെങ്കിലും ചെടികളും മരങ്ങളും നൽകിയതും നട്ടുപിടിപ്പിച്ചതും കൊച്ചിയിലെ തന്നെ ലാൻഡ്സ്കേപിങ് രംഗത്ത് അച്ഛനും മകനും ചേർന്നു നയിക്കുന്ന എംസി ടെക്ക്, ഗ്രീൻലൈൻ എന്നീ കമ്പനികളാണ്.
കൂറ്റനൊരു കായലോളം പോലെ പുറംഭാഗം രൂപകൽപന ചെയ്ത ഹോട്ടലിൽ 264 മുറികൾ. അതിൽ 42 സ്വീറ്റുകൾ. മൂന്നു കിടപ്പുമുറികളുള്ള പ്രസിഡൻഷ്യൽ സ്വീറ്റ് ആഡംബരത്തിന്റെ അവസാന വാക്കാണ്. ഹോട്ടലിൽ 11 നിലകളിലായി അഞ്ചു റസ്റ്ററന്റുകൾ. അതിൽ മലബാറും പാശ്ചാത്യ ഗ്രില്ലും തായ് റസ്റ്ററന്റും ഉൾപ്പെടുന്നു. റൂഫ് ടോപ്പിലാണു ബാർ; അതു വരാൻ പോകുന്നതേയുള്ളു. എല്ലാ റസ്റ്ററന്റുകളിലും ലൈവ് കിച്ചനാണ്. നിങ്ങളുടെ മുന്നിൽ പാചകം ചെയ്യുന്നു. എല്ലാ മസാലകളും ഇവിടെ പൊടിച്ചെടുക്കുന്നു. ഇവിടെ ബുഫെ ഇല്ല.
റസ്റ്ററന്റുകളിലാകെ 105 ഷെഫുകളുണ്ട്. തായ് റസ്റ്ററന്റിന്റെ മുഖ്യഷെഫ് തായ്‌ലൻഡിൽനിന്നുള്ള വനിത സുപാത്രയാണ്. മറ്റു രണ്ടു തായ്‌ലൻഡുകാരികളും കൂടെയുണ്ട്. മലബാർ റസ്റ്ററന്റിന്റെ മുഖ്യ ഷെഫും വനിതയാണ്. കോഴിക്കോട് പന്തീരങ്കാവ് സ്വദേശി ലത. ബിരിയാണിയും മറ്റു പരമ്പരാഗത മലബാർ വിഭവങ്ങളും തയാറാക്കാൻ റഹ്മത് എന്ന വനിതാ ഷെഫുമുണ്ട്. എല്ലാ റസ്റ്ററന്റുകളുടെയും കൂടി എക്സിക്യൂട്ടീവ് ഷെഫ് ജർമൻകാരൻ ഹെർമനാണ്. മുംബൈ ഹയാത്തിൽ നിന്നാണു ഹെർമന്റെ വരവ്. ബോട്ടുകൾക്കും ഉല്ലാസനൗകകൾക്കും അടുക്കാൻ രണ്ടു ജെട്ടികൾ, വാട്ടർഫ്രണ്ട് ഡെക്ക്, സ്പാ, ഇൻഡോർ സ്വിംപൂൾ, ജിം, യോഗ റൂം... ഹയാത്ത് എല്ലാ അർഥത്തിലും ഗ്രാൻഡാണ്.
പെറ്റ് ബോട്ടിൽ ഇല്ല
ഹോട്ടലിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കാൻ പെറ്റ് ബോട്ടിലുകൾ ഉപയോഗിക്കുന്നില്ല. പ്ലാസ്റ്റിക് കുപ്പികളിൽ വരുന്ന വെള്ളത്തിനു പകരം ഗ്ലാസ് കുപ്പികളിലാണു വെള്ളം. അതിനു ചെലവു കൂടുലാണ്. സ്ട്രോ പോലും പേപ്പർ കൊണ്ടുള്ളത്. മേശകളിൽ പ്ലാസ്റ്റിക് കുപ്പികൾ നിരത്തിവയ്ക്കുന്നതിനു പകരം ജഗ്ഗിൽ ഒഴിച്ചു കൊടുക്കുകയോ ഗ്ലാസ് കുപ്പികൾ നൽകുകയോ ചെയ്യും.