മുംബൈ > കര്‍ഷകരുടെ ഐതിഹാസിക ലോങ് മാര്‍ച്ചിന് മുംബൈ നഗരത്തില്‍ വന്‍ സ്വീകരണം. ഇന്ന് വൈകീട്ടോടെ മുംബൈ നഗരത്തില്‍ പ്രവേശിച്ച കര്‍ഷക മാര്‍ച്ചിനെ മുംബൈ നഗരവാസികളായ സാധാരണക്കാര്‍ അക്ഷാരാര്‍ഥത്തില്‍ സ്വീകരിക്കുകയായിരുന്നു. നഗരത്തിലേക്ക് പ്രവേശിച്ച ലോങ്മാര്‍ച്ചിനെ പാതക്കിരുവശവും നിന്ന് അഭിവാദ്യം ചെയ്താണ് മുംബൈ നിവാസികള്‍ സ്വീകരിച്ചത്.
മാര്‍ച്ചിനെ പുഷ്പവൃഷ്ടി നടത്തി സ്വീകരിക്കുന്ന മുംബൈ നിവാസികള്‍
ഇതു വരെ ഒരു മാര്‍ച്ചിനും കിട്ടാത്ത സ്വീകാര്യതയാണ് കര്‍ഷക മാര്‍ച്ചിന് കിട്ടിക്കൊണ്ടിരിക്കുന്നത്. നഗരത്തിലെ റെസിഡന്‍സ് അസോസിയേഷനുകള്‍ ഈസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയുടെ ഇരുവശങ്ങളിലും നിന്ന് മാര്‍ച്ചില്‍ അണിനിരന്ന കര്‍ഷകര്‍ക്ക് ദാഹജലവും ബിസ്ക്കറ്റും മറ്റു ലഘുഭക്ഷണവും വിതരണം ചെയ്തു.
മുലുന്‍ഡിലെ മേല്‍പ്പാലത്തില്‍ നിന്ന് പുഷ്പവൃഷ്ടി നടത്തിയാണ് മാര്‍ച്ചിനെ ജനങ്ങള്‍ സ്വീകരിച്ചത്. മാര്‍ച്ച് കടന്നു വന്ന വിക്രോലിയില്‍ സിഖ് വംശജര്‍ ഭക്ഷണമൊരുക്കിയാണ് കര്‍ഷകരോടുള്ള ഐകദാര്‍ഢ്യം പ്രഖ്യാപിച്ചത്. സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവരും ലോങ്മാര്‍ച്ചിനെ ഏറ്റെടുത്തു കഴിഞ്ഞു.
കര്‍ഷകര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന സിഖ് വംശജര്‍
അഞ്ച് ദിവസം കൊണ്ട് 200 കിലോ മീറ്റര്‍ കാല്‍നടയായി പിന്നിട്ടാണ് കര്‍ഷകര്‍ നഗരത്തില്‍ മുംബൈ നഗരത്തില്‍ പ്രവേശിച്ചത്. അനുവാദമില്ലാതെ കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കുന്നതില്‍ നിന്ന് പിന്മാറുക, അര്‍ഹമായ നഷ്ടപരിഹാരത്തുക നല്‍കുക, വിളകള്‍ക്ക് കൃത്യമായ താങ്ങുവില നല്‍കുക, എം എസ് സ്വാമിനാഥന്‍ കമീഷന്‍ കര്‍ഷകര്‍ക്കായി നിര്‍ദേശിച്ച ശുപാര്‍ശകള്‍ നടപ്പാക്കുക, ബിജെപി സര്‍ക്കാരിന്റെ കര്‍ഷകവഞ്ചന അവസാനിപ്പിക്കുക, വനാവകാശനിയമം നടപ്പാക്കുക, നദീസംയോജനപദ്ധതി നടപ്പാക്കി കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന വരള്‍ച്ചയ്ക്ക് അറുതി വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം.