പാലക്കാട്: കനത്ത മഴയെ തുടര്‍ന്ന് മലമ്ബുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. ഒരു മീറ്ററോളമാണ് ഷട്ടര്‍ ഉയര്‍ത്തിയതെന്ന് കെഎസ്‌ഇബി അറിയിച്ചു.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ അകമലവാരം മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനാലാണ് ഷട്ടര്‍ ഒരു മീറ്റര്‍ ഉയര്‍ത്തിയത്. കല്‍പാത്തിപ്പുഴയുടെയും ഭാരതപ്പുഴയുടെയും തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
അതേസമയം മഴയില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ബുധനാഴ്ച രാവിലെ അണക്കെട്ടിലെ ജലനിരപ്പ് 2397.40 അടിയിലെത്തി.
മഴ വീണ്ടും കനത്തതോടെ നീരൊഴുക്ക് വര്‍ധിച്ചതാണ് ജലനിരപ്പ് വര്‍ധിക്കാന്‍ കാരണമായത്. കനത്ത മഴ തുടരുന്നതിനാല്‍ ജലനിരപ്പ് 2397 അടിയിലേക്ക് നീങ്ങുന്നതായാണ് സൂചന. ഇത് 2398 അടിയെത്തിയാല്‍ ട്രയല്‍ റണ്‍ ആരംഭിക്കും.
രണ്ടു ദിവസം മുന്‍പ് മഴ കുറഞ്ഞ സമയത്ത് അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു വരികയായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മഴ ശക്തമാവുകയും ജലനിരപ്പ് ഉയരുകയുമായിരുന്നു. കല്‍പാത്തി, ഭാരതപ്പുഴയോരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി. വയനാട് ബാണാസുരസാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി.