മലപ്പുറം: 45 മീറ്റര്‍ ദേശീയപാത വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന ഉറച്ച തീരുമാനത്തോടെ സര്‍ക്കാര്‍ മുന്നോട്ട്. മലപ്പുറം ജില്ലയില്‍ മൂന്നുതവണ വിജ്ഞാപനം ഇറക്കിയിട്ടും നടക്കാതെപോയ സര്‍വേ തിങ്കളാഴ്ച മുതല്‍ ഏത് രീതിയിലും പൂര്‍ത്തിയാക്കാനാണ് തീരുമാനം. കണ്ണൂരില്‍ എതിര്‍പ്പുകള്‍ അവഗണിച്ച് സര്‍വേ നടപടികള്‍ ബുധനാഴ്ചയോടെ തീര്‍ന്നു. മാര്‍ച്ച് 19 മുതല്‍ ഭൂവുടമകളുടെ പരാതികള്‍ കേള്‍ക്കും.
കോഴിക്കോട് ജില്ലയില്‍ വടകര, കൊയിലാണ്ടി എന്നിവിടങ്ങളില്‍ മാത്രമാണ് സര്‍വേ നടക്കാത്തത്. സര്‍വേ പൂര്‍ത്തിയായ ഭാഗങ്ങളില്‍ ഏറ്റെടുക്കുന്ന കെട്ടിടങ്ങളുടെ വില നിര്‍ണയിക്കുന്ന കണക്കെടുപ്പ് തുടങ്ങി. വെങ്ങളം-രാമനാട്ടുകര ബൈപാസ് ടെന്‍ഡര്‍ നടപടികളായി. ജൂലൈയില്‍ നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങും. ഇവിടെ ആറുവരി പാതക്കായി നേരത്തേ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. കാസര്‍കോട്ട് സംസ്ഥാന അതിര്‍ത്തിയായ തലപ്പാടി വരെ സര്‍വേ നടപടികള്‍ പുരോഗമിക്കുകയാണ്. ജില്ലയില്‍ ഭൂമി ലഭ്യമാണെന്നും മറ്റു പ്രശ്നങ്ങളില്ലെന്നും ദേശീയപാത എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ വിനയരാജ് പറഞ്ഞു. മലപ്പുറത്ത് കുറ്റിപ്പുറം മുതല്‍ ഇടിമൂഴിക്കല്‍ വരെയാണ് തിങ്കളാഴ്ച സര്‍വേ നടപടികള്‍ തുടങ്ങുന്നത്. ഇത് തടയുമെന്ന് സമരസമിതിയും വ്യക്തമാക്കിയിട്ടുണ്ട്. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച മലപ്പുറത്ത് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം നടന്നു. കലക്ടറുടെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗവും ചേര്‍ന്നു.
കുറ്റിപ്പുറം പാലത്തില്‍നിന്ന് തുടങ്ങുന്ന സര്‍വേ ദിവസം നാലു കി.മീറ്റര്‍ ദൂരത്തില്‍ അതിര്‍ത്തി കല്ലുകള്‍ നാട്ടി 15 ദിവസം കൊണ്ട് തീര്‍ക്കാനാണ് തീരുമാനം. ഏപ്രില്‍ മൂന്നുവരെ ഭൂവുടമകള്‍ക്ക് പരാതി നല്‍കാം. ഏപ്രില്‍ ഒമ്ബതു മുതല്‍ 30 വരെ ഉടമകളില്‍നിന്ന് പരാതി കേള്‍ക്കുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ ഡോ. അരുണ്‍ അറിയിച്ചു. ശക്തമായ ജനകീയ സമരം നടന്ന മലപ്പുറത്ത് 2009, 11, 13 വര്‍ഷങ്ങളില്‍ 3 എ വിജ്ഞാപനം ഇറക്കിയെങ്കിലും സര്‍വേ ഉപേക്ഷിക്കേണ്ടി വന്നു. എന്നാല്‍, ഇത്തവണ പിന്നോട്ടില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഒക്ടോബറോടെ നടപടികള്‍ പൂര്‍ത്തിയാക്കി ഭൂമി ഏറ്റെടുത്ത് ദേശീയപാത അധികൃതര്‍ക്ക് കൈമാറാനാണ് തീരുമാനം.
സമരസമിതിക്ക് പറയാനുള്ളത്
45 മീറ്റര്‍ എന്നത് ജനസാന്ദ്രത കണക്കിലെടുത്ത് 30ലേക്ക് ചുരുക്കണം. ഇരകള്‍ക്ക് വിപണി വിലയനുസരിച്ചുള്ള നഷ്ടപരിഹാരം മുന്‍കൂറായി നല്‍കുക. 45 മീറ്ററില്‍ പാത വരുേമ്ബാള്‍ 5561 കെട്ടിടങ്ങള്‍ പൊളിക്കേണ്ടി വരും. 11,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. 600ലധികം കിണറുകള്‍ ഇല്ലാതാകും. 30,000 വലിയ മരങ്ങള്‍ മുറിക്കണം. 1500ലധികം കുടുംബങ്ങള്‍ വഴിയാധാരമാകും. 30 മീറ്ററിലേക്ക് ചുരുക്കിയാല്‍ 50ഒാളം കുടുംബങ്ങളെ മാത്രമേ ബാധിക്കൂ. നഷ്ടപരിഹാര തുകയില്‍നിന്ന് വരുമാന നികുതി പിടിക്കുന്നത് ഒഴിവാക്കുക. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജില്‍ വ്യക്തത വരുത്തണം.
കേന്ദ്ര അംഗീകാരവും കാത്ത് പുനരധിവാസ പാക്കേജ്
കേരളത്തിെന്റ പ്രത്യേക സാഹചര്യത്തില്‍ സ്ഥലമേറ്റെടുക്കലിലെ സങ്കീര്‍ണത ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പാക്കേജുണ്ടാക്കി 2017 ഡിസംബര്‍ 29ന് ഉത്തരവിറക്കി കേന്ദ്രത്തിെന്റ അംഗീകാരത്തിനായി സമര്‍പ്പിച്ചിരുന്നു. ദേശീയപാത അടക്കം ഭൂമി ഏറ്റെടുക്കലിന് ഇത് ബാധകമാകും. എന്നാല്‍, കേന്ദ്രം ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല.പാക്കേജിെല നിര്‍ദേശങ്ങള്‍: വീട് നഷ്ടപ്പെടുന്നവര്‍ക്ക് ഗ്രാമ പ്രദേശങ്ങളില്‍ പുതിയത് നിര്‍മിച്ചുനല്‍കും. നഗരപ്രദേശങ്ങളില്‍ 50 ചതുരശ്ര മീറ്ററില്‍ കുറയാത്ത വീട് നല്‍കും. വീട് ആവശ്യമില്ലെങ്കില്‍ മൂന്ന് ലക്ഷം രൂപ ലഭിക്കും. മാറ്റിപ്പാര്‍പ്പിക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 5,000 രൂപ വീതം ഒരു വര്‍ഷത്തേക്ക് നല്‍കും. സാധനസാമഗ്രികള്‍, കന്നുകാലികള്‍ എന്നിവ കൊണ്ടുപോകുന്നതിന് 50,000 രൂപ ലഭിക്കും. പെട്ടിക്കടകള്‍, തൊഴുത്ത് എന്നിവക്ക് 25,000 രൂപ മുതല്‍ 50,000 വരെ നല്‍കും. പൊളിക്കുന്ന വ്യാപാരസ്ഥാപനങ്ങളില്‍ മൂന്നുവര്‍ഷം തുടര്‍ച്ചയായി ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് 6,000 രൂപ വീതം ആറുമാസത്തേക്ക് നല്‍കും. വാടകക്കാരെ മാറ്റിപ്പാര്പ്പിക്കുമ്ബോള് 30,000 രൂപ നല്‍കും. പുറമ്ബോക്കില്‍ മൂന്നു വര്‍ഷത്തിലധികമായി കച്ചവടം ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്നവര്‍ക്ക് 5,000 രൂപ വീതം ആറുമാസത്തേക്ക് ലഭിക്കും.
വ്യവസായ സ്ഥാപനങ്ങള്‍ മാറ്റിസ്ഥാപിക്കുന്നതിന് രണ്ട് ലക്ഷം രൂപ. കമ്ബനികള്‍, ബാങ്കുകള്‍, രണ്ടായിരം ചതുരശ്ര മീറ്ററില്‍ അധികം വിസ്തീര്‍ണമുള്ള കടകള്‍ എന്നിവക്ക് ഇത് ലഭിക്കില്ല. ആരാധനാലയങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് പുറമെ ലക്ഷം രൂപകൂടി നല്‍കും.