ഏത് തരം കഥാപാത്രത്തെയും അങ്ങേയറ്റം മനോഹരമാക്കി അവതരിപ്പിക്കുന്ന കലാകാരനായിരുന്നു കലാശാല ബാബു. വില്ലത്തരം മാത്രമല്ല നന്മ നിറഞ്ഞ കുടുംബനാഥനായും അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ആരാധകരെ തനിച്ചാക്കി അദ്ദേഹം യാത്രയായെന്ന വിവരമാണ് തിങ്കളാഴ്ച പുലര്‍ച്ചെ പുറത്തുവന്നത്. മസ്തിഷ്‌കാഘാത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
പ്രശസ്ത കഥകളി ആചാര്യനായ കലാമണ്ഡലം കൃഷ്ണന്‍ നായരുടെയും മോഹിനിയാട്ട കലാകാരി കല്യാണിക്കുട്ടിയമ്മയുടെയും മകനായ കലാശാല ബാബു നാടകവേദിയില്‍ നിന്നുമാണ് സിനിമയിലേക്കെത്തിയത്. കലാപാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ചതിനാല്‍ത്തന്നെ അദ്ദേഹത്തിന്റെ സിനിമാപ്രവേശം എല്ലാവരും പ്രതീക്ഷിച്ചത് തന്നെയായിരുന്നു. വിവിധ സിനിമകളിലായി ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ടാണ് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയത്.
കലാശാല ബാബുവിന്റെ വിയോഗം
ആരാധകരെ വേദനയിലാഴ്ത്തി മറ്റൊരു കലാകാരന്‍ കൂടി വിട വാങ്ങിയിരിക്കുകയാണ്. നാടകത്തില്‍ നിന്നും സീരിയലിലേക്കും പിന്നീട് സിനിമയിലേക്കുമെത്തി പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട നടനായി മാറിയ കലാശാല ബാബു ഞായറാഴ്ച രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സിനിമാസാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചിട്ടുള്ളത്.
നാടകത്തിലൂടെ തുടക്കമിട്ടു
കഥകളിയും മോഹിനിയാട്ടവും നിറഞ്ഞുനിന്ന കലാകുടുംബത്തിലാണ് കലാശാല ബാബു ജനിച്ചത്. രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന കലയുടെ വഴിയിലൂടെ സഞ്ചരിക്കാനാണ് അദ്ദേഹവും തീരുമാനിച്ചത്. നാടകവേദിയിലെ മിന്നുന്ന പ്രകടനത്തിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിലേക്കെത്തിയ സീരിയലിലൂടെയാണ് തുടങ്ങിയതെങ്കിലും പിന്നീട് അദ്ദേഹം സിനിമയിലേക്കെത്തുകയായിരുന്നു. സിനിമയിലും സീരിയലിലുമായി എന്നും ഓര്‍ത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
സില്‍ക്ക് സ്മിതയുടെ ആദ്യനായകന്‍
ശ്രീമുരുകന്‍, യുദ്ധകാണ്ഡം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചതിന് ശേഷമാണ് കലാശാല ബാബുവിന് ഇണയെത്തേടി എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. സില്‍ക്ക് സ്മിതയുടെ ആദ്യ സിനിമയായിരുന്നു ഇത്. ഈ സിനിമയില്‍ നായകനായി എത്തിയത് അദ്ദേഹമാണ്. 1977 ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. എന്നാല്‍ തുടക്കത്തില്‍ വേണ്ടത്ര പരിഗണന ലഭിക്കാതെ പോയതോടെ അദ്ദേഹം വീണ്ടും നാടകത്തിലേക്ക് പോയി. സ്വന്തമായൊരുക്കിയ നാടകം ശ്രദ്ധിക്കപ്പെട്ടതോടെ അദ്ദേഹത്തെ തേടി സിനിമയും എത്തി.
വില്ലനായി തിളങ്ങി
ഒരുകാലത്ത് അദ്ദേഹത്തിന് ലഭിച്ചിരുന്നതെല്ലാം നെഗറ്റീവ് ടൈപ്പ് കഥാപാത്രങ്ങളായിരുന്നു. കാണുമ്പോള്‍ വെറുപ്പ് തോന്നുമെങ്കിലും അദ്ദേഹത്തിന്റെ അഭിനയം ആരാധകമനസ്സിനെ സ്വാധീനിച്ചിരുന്നു. കൗശലക്കാരനായ വില്ലനായി അവിസ്മരണീയ പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്. ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന തരത്തിലുള്ള കഥാപാത്രമായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. എന്റെ വീട് അപ്പൂന്റേം, കസ്തൂരിമാന്‍,റണ്‍വേ, തൊമ്മനും മക്കളും, തുറുപ്പുഗുലാന്‍ തുടങ്ങിയ ചിത്രങ്ങളിലെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സ്വഭാവ നടനായും തിളങ്ങി
വില്ലത്തരം മാത്രമല്ല സ്വഭാവ നടനായും കലാശാല ബാബു തിളങ്ങിയിട്ടുണ്ട്. നായകന്റെയോ നായികയുടെയോ അച്ഛനോ അമ്മാവനോ ആയി മികച്ച അഭിനയമാണ് അദ്ദേഹം കാഴ്ച വെച്ചത്. ഇതോടെ വില്ലത്തരം മാത്രമല്ല നന്മ നിറഞ്ഞവനായും തനിക്ക് തിളങ്ങാന്‍ കഴിയുമെന്ന് അദ്ദേഹം തെളിയിക്കുകയായിരുന്നു. സണ്‍ഡേ ഹോളിഡേ, ക്വീന്‍ തുടങ്ങിയ സിനിമകളിലാണ് അദ്ദേഹം ഒടുവിലായി അഭിനയിച്ചത്.